Saturday, December 27, 2025

മീശപ്പുലിമലയുടെ കുളിരു നുകരാൻ

പച്ചപ്പണിഞ്ഞ ഇടുക്കിയുടെ മാറില്‍ പ്രകൃതിയൊന്നാകെ വിരുന്നെത്തിയ ഒരിടമുണ്ട്. ഇന്നും അധികം വിനോദസഞ്ചാരികളുടെ കണ്ണില്‍പ്പെടാത്ത മീശപ്പുലിമല. സാഹസസഞ്ചാരികളുടെ സ്വപ്നഭൂമിയാണിവിടം. പശ്ചിമഘട്ട മലനിരകളില്‍ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി. ഉയരം 2634 മീറ്റര്‍ (8661 അടി).

സൂര്യനെല്ലിയില്‍നിന്ന് കൊളുക്കുമലയിലെത്താന്‍ ജീപ്പ് സര്‍വീസാണ് ആശ്രയം. ഹാരിസണ്‍ മലയാളം തേയിലത്തോട്ടത്തിലൂടെയുള്ള 12 കിലോമീറ്റര്‍ ജീപ്പ് യാത്രയും സാഹസികം തന്നെ. ഇവിടെ നിന്നും മൂന്ന് കിലോമീറ്റര്‍ നടന്നാല്‍ മീശപ്പുലിമലയുടെ താഴെയെത്താം. പിന്നീട് ആരംഭിക്കുകയായി മൂന്ന് മണിക്കൂറോളം ദൈര്‍ഘ്യമുള്ള മലകയറ്റം. മലമുകളില്‍ പ്രകൃതി ഒരുക്കിയിരിക്കുന്ന വിഭവങ്ങള്‍ പറഞ്ഞാലും എഴുതിയാലും പൂര്‍ണമാകില്ല. കൊളുക്കുമലയിലെത്തിയാല്‍ ഒരു വശം തമിഴ്നാടും മറുവശം കേരളവുമാണ്. കൊടൈക്കനാലും കുറുങ്ങിണി ഗ്രാമവും തേയിലക്കാടും സൂര്യനെല്ലിയും അത്യപൂര്‍വമായ ദൃശ്യവിരുന്നുകളും കൊളുക്കുമല സമ്മാനിക്കുന്നു. കേരളത്തെയും തമിഴ്നാടിനെയും വേര്‍തിരിക്കുന്ന സര്‍വേക്കല്ലും ഇവിടെ കാണാം. തമിഴ്നാടിന്റെ തേനി ജില്ലയാണ് ഒരു ഭാഗത്ത്.

മീശപ്പുലിമല കയറ്റം ഹൃദ്യമാകുന്നത് പ്രകൃതി തീര്‍ത്തിരിക്കുന്ന മനോഹാരിതയിലാണ്. മഞ്ഞും മഴയും മാറിമാറിയെത്തുന്ന കാലാവസ്ഥ. മലയിലെത്തിയാല്‍ മൂന്നാറിന്റെ സാമീപ്യമാണ് അനുഭവപ്പെടുക. ഒരു ഭാഗത്തായി മാട്ടുപ്പെട്ടിയും ടോപ്പ് സ്റ്റേഷനും മറ്റൊരിടത്തായി ആനയിറങ്ങല്‍ ഡാമും പരിസരവും സൂര്യനെല്ലിയും ഭൂമിയെ പച്ചപ്പണിയിച്ച് കണ്ണെത്താദൂരത്തായി പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങളും സഞ്ചാരികളുടെ മനം നിറയ്ക്കുന്നു.

Related Articles

Latest Articles