കൊറോണ മഹാമാരി ലോകത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുന്ന ഈ സമയത്ത് പ്രകൃതിയെ സ്വസ്ഥമാക്കാനും ലോകം മുഴുവൻ സൗഖ്യം പകരുന്നതിനും വേണ്ടി ലോക നന്മയ്ക്കായി പ്രകൃതിയുടെ പ്രതിരോധ കവചം സൃഷ്ടിക്കപ്പെടട്ടെ എന്ന പ്രാർത്ഥനയോടെ അഖില കേരള തന്ത്രി സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ കേരളത്തിന്‍റെ തെക്കേയറ്റം മുതൽ വടക്കെയറ്റം വരെയുള്ള മഹാ ക്ഷേത്രങ്ങളിലെ പരമാചാര്യ സ്ഥാനം വഹിക്കുന്ന അഞ്ഞൂറോളം തന്ത്രിമാർ അവരവരുടെ ഭവനങ്ങളിൽ വച്ച് അവരവരുടെ കുടുംബാംഗങ്ങൾക്കൊപ്പം അതി വിശിഷ്ട മന്ത്രങ്ങളെക്കൊണ്ടുള്ള പുഷ്പാഞ്ജലി സഹിതം ഒരേ സമയത്ത് ഭഗവതിസേവ നടത്തുന്നു. ഗ്രഹസ്ഥിതി കൊണ്ട് ഏറെ ദോഷമെന്ന് കരുതുന്ന മാർച്ച് 29 ന് വൈകീട്ട് 6.30 മണി മുതൽ 1 മണിക്കൂർ നേരമാന് പൂജ നടത്തുന്നത്.
പൂജ ചെയ്യാൻ അറിയുന്നവർക്കെല്ലാം (അവർ ലോകത്തിന്‍റെ ഏത് കോണിലിരുന്നായാലും) അവരവരുടെ വീടുകളിലിരുന്ന് ഈ മഹായജ്ഞത്തിൽ പങ്കാളികളാകാമെന്നും പൂജ അറിയാത്തവർക്കും, സാഹചര്യങ്ങളെക്കൊണ്ട് സാധിക്കാത്തവർക്കും ഇതിൽ പങ്കുകൊള്ളാമെന്നും അഖില കേരള തന്ത്രി സമാജം പറയുന്നു. ലോകത്തെവിടെയായാലും കുടുംബാംഗങ്ങൾ എല്ലാവരും ഇതേ സമയം ലളിതാസഹസ്രനാമം ജപിച്ചോ, നിങ്ങൾക്കറിയാവുന്ന ദേവീ പ്രീതിക്കായുള്ള ഏത് മന്ത്രങ്ങൾ ജപിച്ചോ മാർച്ച് 29 ന് അവരവരുടെ വീടുകളിൽ തന്നെയിരുന്ന് ഈ മഹായജ്ഞത്തിൽ പങ്കാളികളാകാം.
ഈ മഹാമാരിയെ ചെറുക്കാൻ നമ്മുടെ രാജ്യവും, സംസ്ഥാനവും നടത്തുന്ന എല്ലാ പരിശ്രമങ്ങൾക്കും പിന്തുണ നൽകികൊണ്ട് എല്ലാപേരും അവരവരുടെ വീടുകളിൽ തന്നെ ഇരുന്നു ഈ മഹായജ്ഞത്തിൽ പങ്കാളികളാകാണമെന്നും അഖില കേരള തന്ത്രി സമാജത്തിന്റെ പ്രത്യേക കുറിപ്പിൽ പറയുന്നു.

