ദില്ലി: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തും. ജൂൺ 16, 17 തീയതികളിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ രാജ്യത്തെ കൊറോണ വൈറസ് സാഹചര്യവും ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകുന്നതും ചർച്ചയാകും.
സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയാണിത്. മെയ് 11 നാണ് ഇതിനുമുമ്പത്തെ വീഡിയോ കോൺഫറൻസ് നടന്നത്. നാലാംഘട്ട ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിമാരുമായി സംസാരിച്ചിരുന്നു.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ നിലവിൽ ലോകത്ത് നാലാം സ്ഥാനത്താണ് ഇന്ത്യ. രോഗബാധിതരുടെ എണ്ണം മൂന്നുലക്ഷം കടന്നു. അതിനിടെ 70 ദിവസത്തിലധികം നീണ്ട ലോക്ക്ഡൗണിന് പിന്നാലെ സർക്കാർ പൊതുഗതാഗതത്തിനും ഓഫീസുകളുടെയും മാളുകളുടെയും പ്രവർത്തനത്തിനും അടക്കം അനുമതി നൽകിയിരുന്നു.

