ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ. ഒഡീഷയിലെ ഭുവനേശ്വറിന് സമീപം ജാട്നിയിൽ നിർമ്മിച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) പുതിയ ഡാറ്റാ സെന്ററും എന്റർപ്രൈസ് കമ്പ്യൂട്ടിംഗ് ആൻഡ് സൈബർ സെക്യൂരിറ്റി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനും വളർന്നുവരുന്ന സൈബർ ഭീഷണികളെ ഫലപ്രദമായി പ്രതിരോധിക്കാനും ലക്ഷ്യമിട്ട് ഏകദേശം 169 കോടി രൂപ ചെലവിലാണ് അന്താരാഷ്ട്ര നിലവാരമുള്ള ഈ അത്യാധുനിക കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്.
ഇന്നത്തെ കാലഘട്ടത്തിൽ യുദ്ധങ്ങൾ കേവലം അതിർത്തികളിൽ ആയുധങ്ങൾ കൊണ്ട് മാത്രമല്ല നടക്കുന്നത്, മറിച്ച് ഒരു രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തകർക്കാൻ ലക്ഷ്യമിട്ടാണ് ശത്രുക്കൾ നീങ്ങുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭാരതം സാമ്പത്തികമായി ആഗോളതലത്തിൽ വൻ ശക്തിയായി വളരുമ്പോൾ, രാജ്യത്തെ ബാങ്കിംഗ് സംവിധാനങ്ങളെ സൈബർ കൊള്ളക്കാരിൽ നിന്നും സൈബർ ഭീകരരിൽ നിന്നും സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മുൻകാലങ്ങളിൽ ബാങ്കുകൾ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും മുന്നിൽ അടഞ്ഞുകിടന്നിരുന്നെങ്കിൽ, നരേന്ദ്ര മോദി സർക്കാരിന്റെ ഭരണത്തിന് കീഴിൽ പാവപ്പെട്ടവനും സാമ്പത്തിക സുരക്ഷയും വികസനത്തിന്റെ മുൻഗണനയും ഉറപ്പാക്കുന്ന പ്രോ-പീപ്പിൾ, പ്രോ-ആക്ടീവ് സുഭരണ മാതൃകയാണ് നടപ്പിലാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
നിർമ്മിത ബുദ്ധി (AI), ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ ഏറ്റവും പുതിയ സാങ്കേതികവിദ്യകളിൽ ഗവേഷണവും പരിശീലനവും നൽകുന്നതിനായി സ്ഥാപിച്ച ഈ സൈബർ സുരക്ഷാ ഇൻസ്റ്റിറ്റ്യൂട്ട് രാജ്യത്തിന്റെ സാമ്പത്തിക സാങ്കേതിക മേഖലയ്ക്ക് പുതിയ കരുത്താകും. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലം വനവാസികൾക്കും പാവപ്പെട്ടവർക്കും ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കിൽ, വരാനിരിക്കുന്ന പതിറ്റാണ്ട് ഭാരതീയ ബാങ്കിംഗ് സംവിധാനങ്ങളെ കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമാക്കുന്നതിനായിരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കിഴക്കൻ ഭാരതത്തിന്റെ വികസനത്തിനും രാജ്യത്തിന്റെ സാമ്പത്തിക പരമാധികാര സംരക്ഷണത്തിനും മുൻഗണന നൽകുന്ന മോദി സർക്കാരിന്റെ ദീർഘവീക്ഷണമുള്ള കാഴ്ചപ്പാടിന് മാറ്റുകൂട്ടുന്നതാണ് ഈ പദ്ധതി.

