Sunday, May 5, 2024
spot_img

അന്താരാഷ്ട്ര കടുവ ദിനാചരണം. കടുവ സംരക്ഷണത്തില്‍ ഇന്ത്യയുടേത് നേതൃപരമായ പങ്ക്: കേന്ദ്ര പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കര്‍

ദില്ലി: അന്താരാഷ്ട്ര കടുവ ദിനാചരണത്തിനു മുന്നോടിയായി കേന്ദ്ര പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കര്‍ കടുവ സെന്‍സസ് റിപ്പോര്‍ട്ട് പുറത്തിറക്കി. കടുവ സംരക്ഷണത്തില്‍ ഇന്ത്യയുടേത് നേതൃപരമായ പങ്കാണെന്നും ഇന്ത്യ നടപ്പിലാക്കിയ മികച്ച മാതൃകകള്‍ ടൈഗര്‍ റേഞ്ച് രാജ്യങ്ങളുമായി പങ്കുവെക്കുമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി പറഞ്ഞു.

ലോകത്തെ കടുവകളുടെ എണ്ണത്തില്‍ 70 ശതമാനവും ഇന്ത്യയിലാണെന്നത് ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കടുവ സംരക്ഷണത്തിന്റെ കാര്യത്തില്‍ നേതൃപരമായ പങ്കു വഹിക്കുന്ന ഇന്ത്യ കടുവകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് 13 ടൈഗര്‍ റേഞ്ച് രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജാവദേക്കര്‍ പറഞ്ഞു.

വന്യമൃഗങ്ങള്‍ക്കു ഭക്ഷണവും വെള്ളവും ഉറപ്പാക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തുടക്കം കുറിക്കുമെന്നും പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. ഭക്ഷണവും വെള്ളവും തേടി വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് തടയാനും വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം വ്യക്തമാക്കി.

ലിഡാര് ‍(ലൈറ്റ് ഡിറ്റക്ഷന്‍ ആൻഡ് റേഞ്ചിംഗ്) അധിഷ്ഠിത സര്‍വേ സാങ്കേതികവിദ്യ ഇതിനായി പ്രയോജനപ്പെടുത്തും. ആദ്യമായാണ് ഈ സംവിധാനം വന്യമൃഗങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കുന്നത്. ആഗോളതലത്തില്‍ വികസിപ്പിച്ച ‘കണ്‍സര്‍വേഷന്‍ അഷ്വേഡ് | ടൈഗര്‍ സ്റ്റാന്‍ഡേര്‍ഡ്സ് (സിഎ|ടിഎസ്)’ ഫ്രെയിംവര്‍ക്ക് രാജ്യത്തുടനീളമുള്ള അമ്പത് കടുവ സംരക്ഷണ കേന്ദ്രങ്ങളില്‍ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

കടുവകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമങ്ങള്‍ പ്രശംസനീയമാണെന്ന് കേന്ദ്ര പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രിയോ പറഞ്ഞു.കടുവകളുടെ വാസമേഖലകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന സെന്‍സസ് റിപ്പോര്‍ട്ട് പ്രത്യേക സംരക്ഷണം വേണ്ട മേഖലകളെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്

Related Articles

Latest Articles