Friday, May 24, 2024
spot_img

‘വാഹനാപകടം സംഭവിച്ചാലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടറിയാൻ മെഡിക്കൽ കോളേജിലും ഗാന്ധിഭവനിലും സേവനം നടത്തണം’; കാറിൽ അഭ്യാസം കാണിച്ചവർക്ക് വ്യത്യസ്തമായ ശിക്ഷയുമായി എംവിഡി

ആലപ്പുഴ: കാറിൽ അപകടകരമായി അഭ്യാസപ്രകടനം നടത്തിയ യുവാക്കളെ മര്യാദ പടിപ്പിക്കാൻ വ്യത്യസ്തമായ ശിക്ഷയുമായി മോട്ടോർ വാഹന വകുപ്പ്. അഞ്ച് യുവാക്കളും സമൂഹ്യ സേവനം നടത്തണം. മാവേലിക്കര ജോയിന്റ് ആർടിഒയാണ് യുവാക്കൾക്ക് വ്യത്യസ്ത ശിക്ഷ വിധിച്ചത്. കഴിഞ്ഞ 28-ന് സുഹൃത്തിന്റെ വിവാഹത്തിന്റെ പങ്കെടുത്ത് മടങ്ങുന്ന വഴി തലപുറത്തേക്കിട്ട് അപകടകരമായ യാത്ര നടത്തിയതിലാണ് നടപടി.

യുവാക്കൾ നാലുദിവസം ആലപ്പുഴ മെഡിക്കൽ കോളേജിലെ അസ്ഥിരോഗവിഭാഗത്തിലും അത്യാഹിത വിഭാഗത്തിലുമായി സാമൂഹിക സേവനം നടത്തണം. തുടർന്ന് കൊല്ലം പത്തനാപുരം ഗാന്ധിഭവനിലും മൂന്ന് ദിവസം സന്നദ്ധ സേവനം ചെയ്യണം. അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നവർ നേരിടുന്ന ബുദ്ധിമുട്ട് മനസിലാക്കുന്നതിനാണ് ഇവരെ മെഡിക്കൽ കോളേജിലേക്ക് അയക്കുന്നതെന്ന് മാവേലിക്കര ജോയിന്റ് ആർ.ടി.ഒ. എം.ജി. മനോജ് പറഞ്ഞു.

കാറോടിച്ചിരുന്ന അൽ ഗാലിബ് ബിൻ നസീർ, അഫ്ത്താർ അലി, സജാസ്, ബിലാൽ നസീർ, ആദിക്കാട്ടുകുളങ്ങര സ്വദേശി മുഹമ്മദ് സജാദ് എന്നിവരാണ് സേവനം ചെയ്യേണ്ടത്. കാറോടിച്ച അൽ ഗാലിബ് ബിൻ നസീറിന്റെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് സസ്‌പെൻഡ് ചെയ്തിരുന്നു. നൂറനാട് സ്വദേശികളാണ് യുവാക്കൾ.

Related Articles

Latest Articles