Saturday, May 18, 2024
spot_img

പനമ്പള്ളി നഗറിലെ നവജാതശിശുവിന്റെ കൊലപാതകം; ഡിഎന്‍എ ശേഖരിച്ച് പോലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൊച്ചി: പനമ്പള്ളി നഗറില്‍ നവജാതശിശുവിനെ റോഡിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ഡിഎന്‍എ സാംപിള്‍ ശേഖരിച്ചു പോലീസ്. കുഞ്ഞിന്റെ അമ്മയും കേസിലെ പ്രതിയുമായ യുവതി പീഡനത്തിന് ഇരയായാണ് ഗർഭിണിയായത് എന്ന സംശയത്തെ തുടർന്നാണ് കുഞ്ഞിന്റെ ഡിഎന്‍എ സാംപിള്‍ പോലീസ് ശേഖരിക്കുന്നത്. നിലവിൽ ആർക്കുമെതിരെ യുവതി മൊഴി നൽകിയിട്ടില്ലെങ്കിലും വിശദമായ ചോദ്യം ചെയ്യലിൽ ആരുടെയെങ്കിലും പേരു വെളിപ്പെടുത്തിയാൽ ഡിഎൻഎ പരിശോധന വേണ്ടി വന്നേക്കാം എന്നതു മുന്നിൽക്കണ്ടാണ് പോലീസിന്റെ നടപടി.

വെള്ളിയാഴ്ച രാവിലെയാണ് യുവതി കുഞ്ഞിനെ ഫ്‌ളാറ്റിന്റെ അഞ്ചാം നിലയില്‍ നിന്നും താഴേക്കു വലിച്ചെറിഞ്ഞത്. കൊലക്കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവതിക്ക് ഗുരുതരമായ അണുബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി വൈകി നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. വൈദ്യസഹായം ഇല്ലാതെ ശുചിമുറിയില്‍ പ്രസവിച്ചതിനെ തുടര്‍ന്നാണ് യുവതിക്ക് അണുബാധ ഉണ്ടായതെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

കഴിഞ്ഞ ദിവസം മജിസ്‌ട്രേട്ട് ആശുപത്രിയിലെത്തി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്നലെ യുവതിയോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാല്‍ പിന്‍വാങ്ങി. യുവതിയുടെ മാതാപിതാക്കളില്‍ നിന്ന് പോലീസ് ഇന്നലെയും മൊഴിയെടുത്തു. യുവതി ഗര്‍ഭിണിയായിരുന്നു എന്ന വിവരമോ പ്രസവിച്ചതോ തങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് ഇരുവരും പറയുന്നത് വിശ്വസനീയമെന്നാണ് പോലീസ് കരുതുന്നത്.

Related Articles

Latest Articles