Wednesday, May 29, 2024
spot_img

അമിത് ഷാ നിങ്ങളുദ്ദേശിച്ച ആളല്ല സാർ …| AMIT SHAH

ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് ഒരു പക്ഷെ ആദ്യമായി പറഞ്ഞത് ചാക്കോ മാഷാണെങ്കിലും, അത് തലമുറകളായി വ്യക്തമായി അറിയാവുന്ന ജനസമൂഹം ഗുജറാത്തികളാണ്. ഒരിക്കലെങ്കിലും ഒരു ഗുജ്ജു നടത്തുന്ന ലക്ഷക്കണക്കിന് ഫാൻസി സ്റ്റോറുകളിൽ ഒന്ന് സന്ദർശിച്ചിട്ടുള്ള ഒരാൾക്ക് ഞാൻ പറയുന്നത് എന്താണെന്ന് മനസ്സിലാവും. ആയിരക്കണക്കിന് വ്യത്യസ്തമായ ഉൽപ്പന്നങ്ങളുടെ സ്റ്റോക്കിൽ നിന്ന് നമ്മൾ ചോദിച്ച മൊട്ടുസൂചി വരെ ഒരു നിമിഷം കൊണ്ട് തിരഞ്ഞെടുത്ത് എംആർപ്പി പോലും നോക്കാതെ വില പറയുന്ന ഒരു കഴിവ് അവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. പ്രീപ്രൈമറി വിദ്യാഭ്യാസം മാത്രമുള്ള ഗുജറാത്തി പയ്യന്മാർ നിഷ്പ്രയാസം കോടികളുടെ മനക്കണക്ക് കൂട്ടി കച്ചവടം നടത്തുന്നത് വണ്ടറടിച്ചു മാത്രമേ കണ്ടു നിൽകാൻ കഴിയൂ. സാവേരി ബസാറിലെ സ്വർണ്ണക്കടകളിൽ ആയാലും സൂറത്തിലെ സാരി മൊത്തക്കച്ചവടക്കാരുടെ മാർക്കറ്റിലായാലും അത് തന്നെ കാണാം.

വെറും രണ്ടു സീറ്റ് മാത്രമായി നിന്നിരുന്ന ബിജെപ്പിയെ ഇന്ത്യ ഭരിക്കുന്ന കക്ഷിയാക്കി ഉയർത്തിയതിൽ രാമക്ഷേത്രവും ഹിന്ദുത്വവും ഒക്കെ വഹിച്ച പങ്ക് പോലെ, ഈ കണക്കിനും വലിയൊരു സ്ഥാനമുണ്ട്. ഹിന്ദി ഹൃദയഭൂമി കയ്യടക്കാതെ ഇന്ത്യയുടെ അധികാരത്തിന്റെ ഇടനാഴിയിൽ തല നീട്ടി നോക്കാൻ പോലും കഴിയില്ല എന്നുള്ള വ്യക്തമായ ധാരണയാണ് അതിന്റെ ആണിക്കല്ല്. ആ തിരിച്ചറിവിന്റെ വെളിച്ചത്തിൽ കണക്കിലെ സമവാക്യങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള രാഷ്ട്രീയ നീക്കങ്ങളിലൂടെ മാത്രമേ മുന്നേറാൻ കഴിയൂ എന്ന യുക്തി കൂടി ഇടം പിടിച്ചപ്പോൾ ആണ് ഇന്ത്യൻ പാർലിമെന്റിൽ ഗോലിയാത്തിനെ മറിച്ചിട്ട ദാവീദായി താമര വിരിഞ്ഞത്. പണ്ഡിറ്റ് ദീൻ ദയാൽ മാർഗിലെ ആറാം നമ്പർ കെട്ടിടത്തിൽ ഇരുന്നുകൊണ്ട് ഇന്ത്യൻ പാർലമെന്റിന്റെ പകുതി കവിയുന്ന കസേരകൾ കയ്യടക്കാൻ, ബുന്ദേൽഖണ്ഡും ബാരാബങ്കിയും സഹാറൻപൂരും മീററ്റും ഗോരഖ്‌പൂരും ഇറ്റാർസിയും അടങ്ങുന്ന ഹിന്ദി ഹൃദയഭൂമിയിലെ കണക്കുകൾ കൈവിരൽത്തുമ്പിൽ ഉണ്ടെങ്കിൽ മാത്രമേ നടക്കൂ. അതിനുള്ള വിദ്യാഭ്യാസം ജെ എൻ യൂവിലോ, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലോ എച്ച് എപ്പൈ കളിച്ചു നടന്നത് കൊണ്ട് തലയിൽ കേറുന്ന ഒന്നല്ല.

എന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരുപക്ഷെ ഇത് വ്യക്തമായി മനസ്സിലാക്കി ആദ്യമായി പ്രാവർത്തികമാക്കിയത് ബിജെപിയല്ല. ജയപ്രകാശ് നാരായണന്റെ ചിറകിലേറി മൊറാർജി ദേശായിയെ ഇന്ദ്രപ്രസ്ഥത്തിലെ അധികാരക്കസേരയിൽ പിടിച്ചിരുത്തിയത് ഈ ഭൂലോകത്തെ നിയന്ത്രിക്കുന്ന കണക്കിന്റെ സ്പന്ദനങ്ങൾ ആണ്. പിന്നീടത് ഒരു കലാരൂപമായി രൂപപ്പെടുത്തി എടുത്തത് മണ്ഡൽ കാർഡുപയോഗിച്ച് യാദവകുലത്തിലൂടെ അധികാരം പിടിച്ചെടുത്ത വിപി സിംഗാണ്. അദ്ദേഹത്തിന്റെ ഇലക്ട്രൽ പൊളിറ്റിക്‌സിൽ അധികാരത്തിന്റെ വില മനസ്സിലാക്കിയ കൗശലമാണ് സോഷ്യൽ എഞ്ചിനീറിംഗിലൂടെ കോൺഗ്രസ്സിന്റെ കോട്ട കൊത്തളം തന്നെ നെടുകെ പിളർത്തിക്കൊണ്ട് അധികാരം കൈവശപ്പെടുത്താൻ സഹായിച്ചത്. പക്ഷെ കണക്കുകൾ ഉപയോഗിച്ച് സമൂഹത്തെ വിഭജിച്ചു കൊണ്ട് കൈവെള്ളയിൽ വന്ന അധികാരം നിലനിർത്തിക്കൊണ്ടുപോവാൻ കഴിയാതെ പരസ്പരം കലഹിച്ചു ഒടുങ്ങുക എന്ന യാദവകുലത്തിന്റെ നിയോഗത്തിൽ അവസാനിച്ചത് ചരിത്രം.

അക്കാലത്ത് അദ്വാനിയുടെ ബിജെപി, വിശ്വനാഥ് പ്രതാപ് സിംഗ് എന്ന സാമന്ത രാജാവിന്റെ കുശലതയിൽ എതിർപാളയത്തിലെ കരുക്കളെ വെട്ടി വീഴ്ത്താൻ സൗകര്യപൂർവം ഉപയോഗിച്ച് വലിച്ചെറിഞ്ഞ വെറും ഒരു കരു മാത്രമായിരുന്നു. അത് തിരിച്ചറിഞെങ്കിലും അക്കാലത്ത് ബീജെപ്പിക്ക് പക്ഷെ കാലുറപ്പിച്ചു കളിക്കാൻ ഒരു പടനിലം ബാക്കി ഉണ്ടായിരുന്നില്ല. അവിടെയാണ് അമിത് ഷാ തന്റെ തലച്ചോറിലെ കണക്കുപുസ്തകത്തിന്റെ കെട്ടഴിക്കുന്നത്. ബി എസ് പിയും, സമാജ്‌വാദി പാർട്ടിയും, രാഷ്ട്രീയ ജനതാദളും ഒക്കെ കൈപ്പിടിയിൽ ഒതുക്കിയ ജാതിസമവാക്യങ്ങൾക്കിടയിലൂടെ ദേശീയതയും വികസനവും ഉപയോഗിച്ച് ശക്തമായ ഒരു പൊളിറ്റിക്കൽ സ്‌പെയ്‌സ് തുന്നിയെടുത്തതാണ് മോദിയെ ഇന്ദ്രപ്രസ്ഥത്തിൽ എത്തിച്ചത്. ലോക്സഭയിൽ എത്തിയിട്ടും രണ്ടാമൂഴത്തിൽ കൈവിട്ട വാജ്‌പേയുടെ അവസ്ഥ പഠിച്ചു മനസ്സിലാക്കി തന്നെയാണ് രണ്ടാമങ്കത്തിന് ഇറങ്ങിയത്. അതുകൊണ്ട് തന്നെയാണ് രൂക്ഷമായ ആക്രമണങ്ങൾക്കൊടുവിലും പൂർവാധികം ശക്തിയോടെ ഭരണത്തിൽ കയറാൻ സാധിച്ചിട്ടുള്ളത്. സഖ്യപ്പെടേണ്ടിടത്ത് സഖ്യത്തിൽ ഏർപ്പെടുക, അല്ലാത്തിടങ്ങളിൽ അകറ്റി നിർത്തുക, ഗ്രാസ് റൂട്ട് ലെവലിൽ പോലുമുള്ള മാറ്റങ്ങളെ മനസിലാക്കുക, അതിനനുസരിച്ചുള്ള തന്ത്രങ്ങൾ മെനയുക.. ത്രിപുരയിലൊക്കെ നമ്മൾ കണ്ടതാണ് സമൂലമായ പരിവർത്തനങ്ങൾ.

അമിത് ഷായ്ക്ക് ഇതുവരെ വഴങ്ങാത്ത കണക്കുകൾ ആയി ഇനി കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമേ ബാക്കിയുള്ളൂ. ഉത്തര, പൂർവ, പശ്ചിമ മധ്യഭാരതങ്ങൾ കീഴടക്കിയ തലച്ചോറിന് ദക്ഷിണഭാരതവും വഴങ്ങാൻ അധികം സമയം വേണ്ട എന്ന് ഇവിടുത്തെ ഉട്ടോപ്യ ഭരിക്കുന്ന രായാക്കന്മാർ കരുതിയാൽ നന്ന്. രണ്ട് സീറ്റുണ്ടായിരുന്നവർ, നാട് ഭരിക്കും എന്ന് കേട്ടപ്പോൾ പുച്ഛിച്ചിരുന്നവരുടെ മുഖം ഓർമയിൽ ഉണ്ടായാൽ നന്ന്…

Related Articles

Latest Articles