വാഷിംഗ്ടൺ ഡി സി : അമേരിക്കൻ തെരഞ്ഞെടുപ്പിന് ഇനി കുറച്ച് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഇന്ത്യൻ വംശജ കമല ഹാരിസിനെ തെരഞ്ഞെടുത്തു. പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡനാണ് കമലയുടെ പേര് പ്രഖ്യാപിച്ചത്.
ട്വിറ്ററിലൂടെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ജോ ബൈഡൻ നടത്തിയത്.നാളെ ഇരുവരും രാജ്യത്തെ അഭിസംബോധന ചെയ്യും. കമല ഡെമോക്രാറ്റുകൾ തെരഞ്ഞെടുത്തതോടെ ചില ഊഹാപോഹങ്ങൾക്കും വിരാമമായി.
കമല ഹാരിസിനെ സ്ഥാനാർഥിയായി നിർദേശിക്കാനായതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും,രാജ്യത്തെ മികച്ച പൊതുപ്രവര്‍ത്തകരില്‍ ഒരാളും ധൈര്യശാലിയായ പോരാളിയുമാണ് അവരെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അഭിഭാഷകയായ കമല നിലവിൽ കാലിഫോർണിയയിൽ നിന്നുള്ള സെനറ്റംഗമാണ്. ഉപരിസഭയായ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വംശജയാണ് 55കാരിയായ കമല.
നേരത്തെ തന്നെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറെ പറഞ്ഞു കേട്ട പേരാണ് കമല ഹാരിസിന്റേത് . ജോ ബൈഡനും മുൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്കും ഉൾപ്പെടെ ഡെമോക്രാറ്റിക് നേതൃത്വത്തിന് പൊതുസമ്മതയായിരുന്നു കമല.
കഴിഞ്ഞ മാര്‍ച്ച് 15 നായിരുന്നു , വൈസ് പ്രസിഡന്റായി ഒരു സ്ത്രീയെ മാത്രമേ നാമനിർദ്ദേശം ചെയ്യൂവെന്ന് ജോ ബൈഡൻ പ്രഖ്യാപിച്ചത്. എന്നാൽ ആരുടെയും നാമം നിർദേശിച്ചിരുന്നില്ല. തുടര്‍ന്ന് നടത്തിയ വിലയിരുത്തലുകള്‍ക്കൊടുവിലാണ് കമലാ ഹാരിസിനെ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. സെനറ്റർ എന്ന നിലയിൽ മികവ് കാഴ്ചവെച്ചതും പ്രതിപക്ഷത്ത് പോലും മതിപ്പുണ്ടാക്കാനായതും കമലയ്ക്ക് അനുകൂലമായെന്നാണ് വിലയിരുത്തൽ.
1960 കളിൽ തമിഴ്നാട്ടിൽ നിന്നും അമേരിക്കയിലെത്തിയ കാൻസര്‍ ഗവേഷക ശ്യാമളാ ഗോപാലിന്റെയും ജമേക്കൻ വംശജൻ ഡോണൾ ഹാരിസിന്റെയും മകളാണ് കമല ഹാരീസ്.

