തിരുവനന്തപുരം: നമ്മുടെ പാരമ്പര്യ ദിനചര്യകളും നിത്യകർമ്മങ്ങളും ധർമ്മശാസ്ത്രപ്രകാരം എങ്ങനെ കൃത്യമായി പാലിക്കാമെന്ന് വിശദീകരിക്കുന്ന ‘നിത്യാഹ്നികം – ഭാഗം 1’ പുസ്തകം നൂറു ബ്രഹ്മചാരികൾക്ക് സൗജന്യമായി നൽകുന്നു. കരമന ശ്രീ ജ്ഞാനാംബിക റിസർച്ച് ഫൗണ്ടേഷൻ ഫോർ വേദാസ് ലിവിംഗിന്റെ നേതൃത്വത്തിലാണ് ഈ സവിശേഷ പദ്ധതി നടപ്പിലാക്കുന്നത്.
മഹാമഹോപാധ്യായ ബ്രഹ്മശ്രീ ഡോ. ശേഷാദ്രിനാഥ ശാത്രികളുടെ 93-ാമത് ജന്മദിനാഘോഷവും, അദ്ദേഹത്തിന്റെ ധർമ്മപത്നി ശ്രീമതി ശാരദയുടെ ശതാഭിഷേകത്തോടനുബന്ധിച്ചും 2026 ആഗസ്റ്റ് 2 ഞായറാഴ്ച രാവിലെ 10:30-ന് കരമന കാഞ്ചിമട്ടിൽ വെച്ചാണ് ചടങ്ങ് നടക്കുന്നത്. ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയായ ഗിരീഷ് കുമാർ എസ് ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.
സന്ധ്യാവന്ദനം, സമിതാധനം, ബ്രഹ്മയജ്ഞം, സ്നാനം, വസ്ത്രധാരണം, ജ്യോതിഷം തുടങ്ങി അടിസ്ഥാനപരമായ ആചാരങ്ങളും കർമ്മങ്ങളും ലളിതമായി പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ചടങ്ങിന്റെ ഭാഗമായി വേദ, ആഗമ, തന്ത്ര പാഠശാലയെക്കുറിച്ചുള്ള ചർച്ചയും ഗായത്രി മന്ത്ര നിയമങ്ങളെക്കുറിച്ചുള്ള പ്രത്യേക പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്. ഉപനയന സംസ്കാരം കഴിഞ്ഞിട്ടുള്ള എല്ലാ ബ്രഹ്മചാരികൾക്കും ചടങ്ങിൽ പങ്കെടുത്ത് പുസ്തകം സ്വീകരിക്കാമെന്ന് സംഘാടകർ അറിയിച്ചു.

