Saturday, April 27, 2024
spot_img

ഇത് എന്ത് കൂത്ത്, ചങ്ങനാശേരി നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ സഹകരണ ബാങ്കിൽ ഇടതു മുന്നണി സ്ഥാനാർഥി !

കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച കൗൺസിലർ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർത്ഥിയായി മാറി. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച ചങ്ങനാശേരി നഗരസഭ കൗൺസിലറും ഒൻപതാം വാർഡ് അംഗവുമായ ഷൈനി ഷാജിയാണ് സഹകരണ ബാങ്കിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. വാഴപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ സഹകരണ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായാണ് ഷൈനി ഷാജി മത്സരിക്കുന്നത്. സിപിഎം ഏരിയ കമ്മിറ്റി അംഗവും മുൻ എൽഡിഎഫ് ജില്ലാ കൺവീനറും അടക്കമുള്ളവർ മത്സരിക്കുന്ന പാനലിലാണ് ഷൈനിയും മത്സരിക്കുന്നത്. ഇതിലൂടെ ഇപ്പോൾ സി.പി.എമ്മിന്റെയും കോൺഗ്രസ്സിന്റെയും ഇരട്ടത്താപ്പാണ് വെളിച്ചത്തായിരിക്കുന്നത്.

മെയ് 28 ന് നടക്കുന്ന വാഴപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പിലാണ് കോൺഗ്രസ് കൗൺസിലർ ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ജനറൽ വിഭാഗത്തിൽ ഒന്നാം നമ്പറായി സിപിഎം ഏരിയ കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.പി അജയകുമാറും, രണ്ടാം നമ്പറായി ജനാധിപത്യ കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കുര്യൻ തൂമ്പുക്കലുമാണ് മത്സരിക്കുന്നത്. മുൻ എൽഡിഎഫ് ജില്ലാ കൺവീനറും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എം.ടി ജോസഫാണ് മൂന്നാം നമ്പർ സ്ഥാനാർത്ഥി. ഈ പാനലിലാണ് വനിതാ വിഭാഗത്തിൽ 22 ആം നമ്പറായി ഷൈനി സെബാസ്റ്റ്യൻ എന്ന പേരിൽ ഷൈനി ഷാജി മത്സരിക്കുന്നത്. നഗരസഭ കൗൺസിലറും മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമാണ് ഷൈനി ഷാജി. നഗരസഭയിൽ കോൺഗ്രസ് പാനലിൽ മുൻ വൈസ് ചെയർപേഴ്‌സണായും ഷൈനി മത്സരിച്ചു വിജയിച്ചിട്ടുണ്ട്. സിപിഎം നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യമുന്നണിയിൽ എൽഡിഎഫിലെ കക്ഷികൾ മാത്രമാണ് മത്സരിക്കുന്നത്. സിപിഎമ്മും കേരള കോൺഗ്രസും ജനാധിപത്യ കേരള കോൺഗ്രസും മത്സരിക്കുന്ന പാനലിലാണ് ഇപ്പോൾ കോൺഗ്രസിന്റെ നഗരസഭ കൗൺസിലർ മത്സരിക്കാൻ സി.പി.എം സ്ഥാനാർഥിയായി ഇറങ്ങിയിരിക്കുന്നത്. ഇത് കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. സിപിഎം പാനലിൽ മത്സരിക്കുന്ന കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച കൗൺസിലർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസിലെ ഒരു വിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്. കോൺഗ്രസ് പാർട്ടി ആർക്കും വന്ന് കയറിയിറങ്ങിപ്പോകാവുന്ന ചന്തപ്പറമ്പാണോ എന്ന ആരോപണവുമായാണ് ഇവർ രംഗത്ത് എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയ്ക്കും, മഹിളാ കോൺഗ്രസിനും പരാതി നൽകാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം നേതാക്കൾ.

Related Articles

Latest Articles