കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഗോള്ഡന് ട്രയാംഗിളിലും ഗോള്ഡന് ക്രസന്റിലും ഉത്പാദിപ്പിക്കപ്പെടുന്ന ഹെറോയിന്, ഹാഷിഷ് എന്നിവയുടെ ലക്ഷ്യസ്ഥാനമാണ് ഇന്ത്യ. കൂടാതെ, ആഭ്യന്തരമായി നിര്മിക്കുന്നവയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഉല്പാദിപ്പിക്കപ്പെടുന്നതുമായ രാസവസ്തുക്കള് ഇന്ത്യന് പ്രദേശങ്ങളിലൂടെ കടത്തപ്പെടുകയും ചെയ്യുന്നു. ഇത്തരം മയക്കുമരുന്ന് സംഘങ്ങൾ ദേശീയ സുരക്ഷയ്ക്കും സമ്പദ് വ്യവസ്തയ്ക്കും കാര്യമായ ഭീഷണി ഉയര്ത്തുന്നതാണ്.
ഗോള്ഡന് ട്രയാംഗിള് അഥവാ സുവര്ണ്ണ ത്രികോണം എന്നത് തായ്ലന്ഡ്, ലാവോസ്, മ്യാന്മാര് എന്നീ മൂന്ന് രാജ്യങ്ങളില് പടര്ന്നു കിടക്കുന്ന ത്രികോണാകൃതിയിലുള്ള പ്രദേശമാണ്. അമേരിക്കന് ചാരസംഘടനയായ സിഐഎ ആണ് ഈ പ്രദേശത്തിന് ‘ഗോള്ഡന് ട്രയാംഗിള്’ എന്ന പേര് നല്കിയത്. ഏകദേശം 3,50,000 ചതുരശ്ര കിലോമീറ്റര് വിസ്തീര്ണ്ണമുള്ള ഈ പ്രദേശത്തിലായിരുന്നു ലോകത്ത് ഏറ്റവും കൂടുതല് കറുപ്പ് ഉത്പ്പാദിപ്പിച്ചിരുന്നത്.
1950കള്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ കറുപ്പ് ഉല്പാദിപ്പിക്കുന്ന മേഖലകളില് ഒന്നായിരുന്നു ഇത്. 21-ആം നൂറ്റാണ്ടിന്റെ ആരംഭം വരെ ലോകത്തില് ഉത്പാദിപ്പിക്കപ്പെട്ടിരുന്ന വലിയൊരു ശതമാനം ഹെറോയിനും ഗോള്ഡന് ട്രയാംഗിള് നിന്നാണ് വന്നുകൊണ്ടിരുന്നത്. പിന്നീട് അഫ്ഗാനിസ്താന് കറുപ്പ് ഉത്പാദനത്തില് മുന്പന്തിയിലെത്തുകയും ചെയ്തു.
മധ്യ, തെക്ക്, പടിഞ്ഞാറന് ഏഷ്യ എന്നിവിടങ്ങളിലെ സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന, അനധികൃത കറുപ്പ് ഉത്പാദനത്തിന്റെ രണ്ട് പ്രധാന മേഖലകളില് മറ്റൊന്നാണ് ഗോള്ഡന് ക്രസന്റ്. അഫ്ഗാനിസ്ഥാന്, ഇറാന്, പാകിസ്ഥാന് എന്നീ മൂന്ന് രാജ്യങ്ങളിലെ പ്രദേശങ്ങള് ഉള്പ്പെട്ടതാണ് ഗോള്ഡന് ക്രസന്റ്. ചന്ദ്രക്കലയുടെ ആകൃതിയില് ഉള്ള പര്വതപ്രദേശങ്ങള്ക്കുള്ളില് സ്ഥിതിചെയ്യുന്നതിനാലാണ് ഈ പ്രദേശത്തിന് ഇങ്ങനെ ഒരു വിളിപ്പേര് കിട്ടാന് കാരണം.
യുണൈറ്റഡ് നേഷന്സ് ഓഫീസ് ഓണ് ഡ്രഗ്സ് ആന്ഡ് ക്രൈം (UNODC) നടത്തിയ പഠനത്തില് കഴിഞ്ഞ 10 വര്ഷത്തെ ഹെറോയിന് ഉല്പാദനത്തിന്റെ പ്രാഥമിക ഉറവിട മേഖലകളില് കാര്യമായ മാറ്റങ്ങള് ഉള്ളതായി നമുക്ക് കാണാം. 1991ല് അഫ്ഗാനിസ്ഥാന് ലോകത്തിലെ പ്രാഥമിക കറുപ്പ് ഉത്പാദകരാകുകയും 1,782 മെട്രിക് ടണ് വിളവെടുക്കുകയും ചെയ്തതായാണ് കണക്ക്. മുമ്പ് കറുപ്പ് ഉല്പാദനത്തില് ലോകത്ത് മുന്പന്തിയിലായിരുന്ന മ്യാന്മാറിനെ മറികടന്നുകൊണ്ടായിരുന്നു ഇത്. ഇതിന് പുറമേ, ലോകത്തിലെ ഏറ്റവും വലിയ ഹാഷിഷ് ഉത്പാദക രാജ്യവും അഫ്ഗാനിസ്താനാണ്. 90 ശതമാനം നോണ്-ഫാര്മസ്യൂട്ടിക്കല് ഗ്രേഡ് കറുപ്പും ഉത്പാദിപ്പിക്കുന്നത് അഫ്ഗാനിസ്ഥാനിലാണ്. അഫ്ഗാനിസ്താന് കഴിഞ്ഞാല് ലോകത്ത് ഏറ്റവും കൂടുതല് കറുപ്പ് ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഗോള്ഡന് ട്രയാംഗിളില് ഉള്പ്പെടുന്ന മ്യാന്മര്. 2006-ല് ഗോള്ഡന് ട്രയാംഗിള് മേഖലയാണ് ഏറ്റവുമധികം കറുപ്പ് ഉത്പാദിപ്പിച്ചിരുന്നത്. എന്നാല് ഈയിടെയായി മനുഷ്യനിര്മ്മിത മയക്കുമരുന്നുകളുടെ നിര്മാണം ഈ മേഖലകളില് കൂടി വരുന്നതായാണ് യുഎന്ഒഡിസി നടത്തിയ പഠനം വ്യക്തമാക്കുന്നത്. 2006ന് ശേഷം ഇന്ത്യയില് സിന്തറ്റിക്ക് ഡ്രഗ്ഗുകളുടെ ഉപഭോഗം വലിയ തോതില് കൂടിയിട്ടുള്ളതായി കാണാം.
ഗോള്ഡന് ട്രയാംഗിളിനും ഗോള്ഡന് ക്രസന്റിനും നടുവില് സ്ഥിതിചെയ്യുന്നത് ഇന്ത്യയാണ്. ഇതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും. സ്വാഭാവികമായും ഈ മേഖലകളില് പ്രവര്ത്തിക്കുന്ന ലഹരി കടത്തുകാരുടെ പ്രധാന ലക്ഷ്യവും ഇന്ത്യതന്നെയാണ്. അവരുടെ ഏറ്റവും വലിയ വിപണിയും ഇന്ത്യയാണ്. ഇത്തരം മയക്കുമരുന്ന് കടത്താനുള്ള ഹബ്ബായും ഇവര് ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. പ്രധാനമായും നാല് അതിര്ത്തികളിലൂടെയാണ് ഗോള്ഡന് ട്രയാംഗിളില് നിന്നും ഗോള്ഡന് ക്രസന്റില് നിന്നും മറ്റും മയക്കുമരുന്ന് ഇന്ത്യയില് എത്തുന്നതെന്നാണ് വിലയിരുത്തൽ.
ഇന്ത്യ-മ്യാന്മര് അതിര്ത്തി സുവര്ണ്ണ ത്രികോണത്തിന് സമീപമാണ്, വടക്കുകിഴക്കന് സംസ്ഥാനങ്ങളിലെ പ്രാദേശിക ജനങ്ങള്ക്കിടയില് മയക്കുമരുന്നിനുള്ള ആവശ്യം വര്ദ്ധിക്കുന്നുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ അസ്ഥിരതയും അരക്ഷിതാവസ്ഥയും മേഖലയിലെ നിരവധി കലാപങ്ങളും ഇന്ത്യ-മ്യാന്മര് അതിര്ത്തിയിലൂടെ രാജ്യത്തേക്ക് ഹെറോയിനും സൈക്കോട്രോപിക് വസ്തുക്കളും കടത്തുന്നതിന് പറ്റിയ അന്തരീക്ഷം ഒരുക്കുന്നതാണ്. അതിശക്തമായ സുരക്ഷയുള്ള അതിര്ത്തികളിൽ ഒന്നാണിത്.
അതിര്ത്തികള് കൂടാതെ വിമാനത്താവളങ്ങള് വഴിയും തുറമുഖങ്ങള് വഴിയും ചെറുതും വലുതുമായ അളവുകളില് ധാരാളം ലഹരി പദാര്ത്ഥങ്ങള് ഇന്ത്യയില് എത്തുന്നുണ്ട്. ഈയിടെ ഗുജറാത്തിലെ മുന്ദ്രാ തുറമുഖത്ത് നിന്നും 2100 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തത് ഇതിനൊരുദാഹരണമാണ്. ഇത്തരത്തില് രാജ്യത്തുടനീളം ലഹരി മാഫിയകള് പ്രവര്ത്തിക്കുന്നുണ്ട്.
തീവ്രവാദികള് ആയുധം കടത്താനുപയോഗിക്കുന്ന അതേ പാതകളാണ് മയക്കുമരുന്ന് കടത്തുകാരും ഉപയോഗിക്കുന്നത്. മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ നടന്ന അന്വേഷണങ്ങളിലായിരുന്നു ഇതിന് കൃത്യമായ തെളിവുകള് ലഭിച്ചത്. മയക്കുമരുന്ന് കടത്തുകാര്, ക്രിമിനല് ശൃംഖലകള് എന്നിവ തമ്മിലുള്ള ബന്ധം രാജ്യത്തിന് ഭീഷണിയാണ്. തീവ്രവാദികള് ഇന്ത്യയില് മയക്കുമരുന്ന് കടത്ത് സുഗമമാക്കുന്നത് ദേശീയ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ്. മയക്കുമരുന്ന് വ്യാപാരത്തില് നിന്ന് ലഭിക്കുന്ന പണം തീവ്രവാദ പ്രവര്ത്തനങ്ങള്ക്ക് ഉപയോഗിക്കുന്നു എന്നുള്ളതാണ് ഇതിന് കാരണം. കൂടാതെ രാജ്യത്തിന്റെ സമ്പദ് വ്യവസ്തയെ താറുമാറാക്കാനും മയക്കുമരുന്ന് കടത്തും ഉപയോഗവും ഇടയാക്കുമെന്നുള്ളതും ഗൗരവമുള്ള കാര്യമാണ്.
ലഹരി കടത്ത് തടയാനും ഉപയോഗം കുറയ്ക്കാന് ലക്ഷ്യമിട്ടാണ് 1985-ല് ഇന്ത്യ എന്.ഡി.പി.എസ് ആക്ട് കൊണ്ടുവരുന്നത്. മയക്കുമരുന്നുകളുടെ കൈവശം വെക്കല്, ഉപയോഗം, വില്പ്പന തുടങ്ങിയവയാണ് ആക്ടില് പ്രധാനമായി പറയുന്ന കാര്യങ്ങള്. മയക്കുമരുന്ന് നിര്മ്മിക്കുക, ഉപയോഗിക്കുക, മറ്റുള്ളവര്ക്ക് വിപണനം ചെയ്യുക, പണം കൊടുത്ത് വലിയ അളവില് വാങ്ങുക തുടങ്ങിയവ തടയുക എന്നതാണ് ആക്ട് പ്രാബല്യത്തില് കൊണ്ടുവന്നതിലൂടെ പ്രധാനമായി ഉദ്ദേശിക്കുന്നത്.
എന്ഡിപിഎസ് ആക്ട് പ്രകാരമുള്ള കേസുകളില് കുറ്റകൃത്യങ്ങളുടെ ഗൗരവം അനുസരിച്ചാണ് ശിക്ഷാ നടപടികള് തീരുമാനിക്കുന്നത്. വധശിക്ഷയാണ് ഇത്തരം കേസുകളില് പരമാവധി നല്കുന്ന ശിക്ഷ. മയക്കുമരുന്ന് വലിയ അളവില് വിപണനത്തിന് ഉപയോഗിക്കുന്നവര്ക്കാണ് വധശിക്ഷ പോലും കിട്ടാവുന്ന കുറ്റമായി കണക്കാകുക.

