സുഷമ സ്വരാജ് എന്ന മികച്ച നേതാവിന് രാജ്യം വിട നല്‍കിയിട്ട് ഇന്ന് ഒരാണ്ട്. ശക്തയായ രാഷ്ട്രീയ നേതാവ്, പ്രതിഭാസമ്പന്നയായ പ്രഭാഷക, മികച്ച പാര്‍ലമെന്റേറിയന്‍ എന്നിങ്ങനെ വ്യത്യസ്ത നിലകളില്‍ തിളങ്ങിയ വ്യക്തിത്വമായിരുന്നു സുഷമ സ്വരാജ്.
1953 ഫെബ്രുവരി 14ന് ഹരിയാനയിൽ ജനിച്ച സുഷമ സ്വരാജ് കുട്ടിക്കാലം മുതൽക്കേ മികച്ച പ്രസംഗികയായിരുന്നു. ലോക്സഭയിലെ മുതിർന്ന നേതാവ് കൂടിയായിരുന്ന സുഷമ സ്വരാജ് ആദ്യ മോദി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയെന്ന നിലയിൽ ഏറെ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിരുന്നു.
ഹരിയാനയിലുള്ള പാൽവാൽ എന്ന സ്ഥലത്താണ് സുഷമാ സ്വരാജ് ജനിച്ചത്. അച്ഛൻ ഹർദേവ് ശർമ്മ അറിയപ്പെടുന്ന ഒരു ആർ.എസ്.എസ് പ്രവർത്തകനായിരുന്നു. സംസ്കൃതവും, രാഷ്ട്രശാസ്ത്രവും ഐഛിക വിഷയമായെടുത്ത് അവർ ബിരുദം കരസ്ഥമാക്കി. പഞ്ചാബ് സർവ്വകലാശാലയിൽ നിന്നും നിയബിരുദം നേടിയശേഷം സുപ്രീംകോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തു.
1970 ൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്ന വിദ്യാർത്ഥി സംഘടനയിലൂടെയാണ് സുഷമ രാഷ്ട്രീയത്തിലേക്ക് കാൽവെക്കുന്നത്. വിദ്യാർത്ഥി ജീവിതത്തിൽ തന്നെ സുഷമ അറിയപ്പെടുന്ന ഒരു പ്രസംഗക ആയിരുന്നു.
വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നും സുഷമ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർന്നു. 1975 ലെ അടിയന്തരാവസ്ഥക്കെതിരേ ശക്തമായ പ്രചാരണം നടത്തി. 1977 മുതൽ 1982 വരേയും, 1987 മുതൽ 90 വരേയും ഹരിയാന നിയമസഭയിൽ അംഗമായിരുന്നു.1977ൽ ഹരിയാനയിൽ, ദേവിലാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കേവലം 25 വയസ്സായിരുന്നു പ്രായം.
വിദേശകാര്യമന്ത്രിയെന്ന നിലയിൽ ആഗോള പ്രശംസ നേടിയ നേതാവാണ് സുഷമ സ്വരാജ്. പാകിസ്താനിൽ നിന്നുള്ള ബാലന് ഇന്ത്യയിൽ ചികിത്സ ലഭ്യമാക്കിയത് വിവിധ മേഖലകളിൽ നിന്നുള്ള പ്രശംസ പിടിച്ചു പറ്റി.

