Sunday, May 19, 2024
spot_img

പ്രളയ ഭീതിയിൽ കേരളം. മലബാർ മേഖലയിൽ ശക്തമായ മഴ തുടരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ യൂണിറ്റുകൾ കേരളത്തിൽ

കോഴിക്കോട്: മലബാറിൽ ശക്തമായ മഴ തുടരുന്നു. ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയർന്നു. തിരുവമ്പാടി, കാരശ്ശേരി ഭാഗത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകി. മലയോര മേഖലകൾ ഉരുൾപ്പൊട്ടൽ ഭീഷണിയിലാണ്.

രണ്ട് കുട്ടികൾ ഉൾപ്പെടെ വയനാട്ടിലും മലപ്പുറത്തുമായി നാല് പേർ മരിച്ചു. കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. കണ്ണൂർ മാട്ടറ വനത്തിൽ ഉരുൾപ്പൊട്ടി. മണിക്കടവ്, മാട്ടറ പാലങ്ങൾ വെള്ളത്തിനടിയിലായി. പലയിടങ്ങളിലും മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് യൂണിറ്റുകൾ കേരളത്തിലെത്തി. കൂടുതൽ യൂണിറ്റുകൾ അടുത്ത ദിവസമെത്തും.

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ വയനാട്ടിലും കോഴിക്കോടും വ്യാഴാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താമരശ്ശേരി മേഖലയിലും ശക്തമായ കാറ്റും മഴയുമാണ്. പുതുപ്പാടി, കോടഞ്ചേരി പുഴകളിൽ മലവെള്ളപ്പാച്ചിൽ കോടഞ്ചേരി ചെമ്പുകടവ് പാലങ്ങൾ മുങ്ങി. നിലമ്പൂരിലും ഉരുൾപ്പൊട്ടലുണ്ടായി. മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ നിലമ്പൂരിൽ ഭൂതാനം, പൂളപ്പാടം, കുറുമ്പലങ്ങോട് സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 30 കുടുംബങ്ങളെ ഇവിടേക്ക് മാറ്റിപ്പാർപ്പിച്ചു.

മലപ്പുറം പോത്തുക്കല്ലിൽ മുണ്ടേരി പാലം ഒലിച്ചുപോയി. ഇതോടെ ഇരുട്ടുകുത്തി വാണിയമ്പലം, കുമ്പളപ്പാറ, തരിപൊട്ടി കോളനികളിലുള്ളവർ ഒറ്റപ്പെട്ടു. മൂവാറ്റുപുഴയാർ തീരത്തും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കുട്ടൻപുഴ, കടവൂർ, നേര്യമംഗലം ഭാഗത്തും മുന്നറിയിപ്പുണ്ട്. ഈ ഭാഗങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ പ്രദേശവാസികളെ ക്യാമ്പിലേക്ക് മാറ്റാൻ നിർദേശിച്ചു.

Related Articles

Latest Articles