പാലക്കാട്: ലോക്ഡൗണ് ലംഘിച്ച് ഇരുചക്രവാഹനത്തില് ചെന്നൈയില് നിന്നു കേരളത്തിലേക്ക് ബൈക്കില് വന്ന 10 യുവാക്കള് പാലക്കാടിനടുത്ത് പിടിയിൽ. മുണ്ടൂര് പൊരിയാനിയിൽ വച്ചാണ് പൊലീസ് പിടിയിലായത്. രാവിലെ 9.15നാണ് ആദ്യത്തെ സംഭവം. തമിഴ്നാട് റജിസ്ട്രേഷനില് ഉള്ള വാഹനത്തിലാണ് ഇവര് വന്നത്.6 പേര് മലപ്പുറം പരപ്പനങ്ങാടി സ്വദേശികളും 2 പേര് കണ്ണൂര് സ്വദേശികളുമാണ്. തമിഴ്നാട്ടില് ഹോട്ടല്, ബേക്കറി എന്നിവിടങ്ങളില് ജോലി ചെയ്യുന്നവരാണ് ഇവര്. തൊഴിലും കൂലിയും ഇല്ലാതെ അവിടെ പിടിച്ചുനില്ക്കാന് കഴിയാത്ത സാഹചര്യത്തിലാണ് ഇവര് സാഹസത്തിനു മുതിര്ന്നതെന്നു സംശയിക്കുന്നു. പിന്നീട് ഉച്ചയ്ക്ക് 1.30-ന് ബൈക്കില് എത്തിയ കണ്ണൂര് സ്വദേശികളായ 2 പേര് ഇതേ സ്ഥലത്തു വച്ച് പിടിയിലായി. ഇവരും ചെന്നൈയില് നിന്നു വരുന്നവരാണ്. തുടർന്ന് ആരോഗ്യ പ്രവര്ത്തകര്, ജനപ്രതിനിധികള് എന്നിവര് സ്ഥലത്തെത്തി ഇവര്ക്ക് ഭക്ഷണം നല്കി. ആംബുലന്സ് എത്തിച്ച് പാലക്കാടുള്ള കോവിഡ് നിരീക്ഷണ കേന്ദ്രത്തില് എത്തിച്ചു. സിഐ കെ.സി.വിനു, എസ്ഐ എം.എച്ച്.സുള്ഫിക്കര്, എഎസ്ഐ ജോണ് സേവ്യര്, ഹെല്ത്ത് ഇന്സ്പെക്ടര് വിനോദ് കുമാര് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്.

