Sunday, May 26, 2024
spot_img

ഒരു കർമ്മകാണ്ഡത്തിൻ്റെ അസ്തമയം: മുതിർന്ന അർ എസ് എസ് പ്രചാരകൻ രാ.വേണുഗോപാൽ അന്തരിച്ചു

കൊച്ചി: ആര്‍.എസ്.എസ് പ്രചാരകന്‍ രാ.വേണുഗോപാൽ (വേണുവേട്ടൻ (96) അന്തരിച്ചു. കൊച്ചിയിലെ മാധവനിവാസിലായിരുന്നു അന്ത്യം. ബിഎംഎസ് മുന്‍ അഖിലേന്ത്യ വര്‍ക്കിങ്ങ് പ്രസിഡന്റ്, കേസരിയുടെ മുഖ്യ പത്രാധിപര്‍ തുടങ്ങി വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. രണ്ടു പ്രാവശ്യം ഐഎല്‍ഒയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

സംസ്‌കാരം ഇന്നു ഉച്ചയ്ക്ക് 12ന് പച്ചാളം ശ്മശാനത്തില്‍. പ്രസിദ്ധമായ നിലമ്പൂര്‍ രാജ കോവിലകത്ത് കൊച്ചുണ്ണി തമ്പാന്റെയും പാലക്കാട് കൊല്ലങ്കോടത്ത് രാവുണ്യാരത്ത് തറവാട്ടിലെ നാണിക്കുട്ടി അമ്മയുടെയും മകനായി 1925ലാണ് രാ. വേണുഗോപാല്‍ ജനിച്ചത്. പാലക്കാട് വിക്ടോറിയ കോളേജ്, ബനാറസ് സര്‍വ്വകലാശാല എന്നിവിടങ്ങളിലായിരുന്നുവിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

ഉന്നതവിദ്യാഭ്യാസം നേടിയെങ്കിലും ആര്‍എസ്എസിലൂടെ രാഷ്ട്‌സേവനത്തിനിറങ്ങാനാണ് അദ്ദേഹം തീരുമാനിച്ചത്. ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനം കേരളത്തില്‍ എത്തിക്കാനായി നിയോഗിക്കപ്പെട്ട ദത്തോപാന്ത് ഠേംഗ്ഡിജിയുമായുള്ള സഹവാസവും സമ്പര്‍ക്കവും വേണുഗോപാലിനെ ആര്‍എസ്എസ്സിന്റെ ഭാഗമാക്കിമാറ്റി.

1942ല്‍ ആയിരുന്നു ഠേംഗ്ഡിജിയുമായുള്ള കണ്ടുമുട്ടലും ശിഷ്യപ്പെടലും. 1948 ആവുമ്പോഴോക്കും വേണുഗോപാല്‍ പൂര്‍ണമായും ജീവിതം സംഘത്തിന് സമര്‍പ്പിച്ച് സമാജസേവനത്തിനിറങ്ങുകയായിരുന്നു. സംഘനിര്‍ദ്ദേശപ്രകാരം ജനസംഘത്തിന്റെയും ബിഎംഎസ്സിന്റെയും സഹകാര്‍ഭാരതിയുടെയും കേസരിയുടെയുമെല്ലാം വിവിധ ചുമതലകള്‍ വഹിച്ചു

ബിഎംഎസ് അഖിലേന്ത്യാ വര്‍ക്കിംഗ് പ്രസിഡന്റ് ചുമതലവരെ അദ്ദേഹം വഹിച്ചു. ബിഎംഎസ്സിനെ രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാക്കി വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. രണ്ടു തവണ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയായി ജനീവയില്‍ നടന്ന ലോക തൊഴിലാളി കോണ്‍ഗ്രസില്‍ പങ്കെടുത്തിട്ടുണ്ട്.

ചൈന സന്ദര്‍ശിച്ച ആദ്യ കമ്മ്യൂണിസ്റ്റ് ഇതര തൊഴിലാളി സംഘടന പ്രതിനിധിയും രാ . വേണുഗോപാലാണ്. മൃതദേഹം ഇന്നു രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 12 വരെ പ്രാന്തകാര്യാലയത്തില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും.

Related Articles

Latest Articles