Saturday, October 17, 2026

കേരളത്തിലെ കോവിഡ് ഗ്രാഫ് ഉയരുന്നു: ഇന്ന് 94 പേർക്ക് കോവിഡ്; മൂന്ന്‌ മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ്-19 അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതാണ് ഇക്കാര്യം . ഇന്ന് 39 പേര്‍ക്ക് കോവിഡ്-19 ഫലം നെഗറ്റീവായി. സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷിയമ്മാള്‍, അബുദാബിയില്‍ നിന്ന് എത്തിയ മലപ്പുറം എടപ്പാള്‍ സ്വദേശി ഷബ്നാസ്, കൊല്ലം ജില്ലയിലെ കാവനാട് സേവ്യര്‍ എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്.

ഇന്ന് പോസിറ്റീവായ 94 പേരിൽ 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 47 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 37 പേര്‍ മറ്റ് സംസ്ഥാനങ്ങളിനിന്നാണ് വന്നത്. ഇതുവരെ സംസ്ഥാനത്ത് 1588 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 884 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 3787 സാമ്പിളുകള്‍ ഇന്ന് പരിശോധിച്ചു. 1,70,065 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. വീടുകളിലും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലുമായി 1,68,578 പേരാണ് നിരീക്ഷണത്തിലുള്ളത്.

1487 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 225 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 76,383 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 72,139 എണ്ണത്തില്‍ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ആകെ 124 ഹോട്ട്സ്പോട്ടുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Latest Articles