കൊല്ലം: ലോക്ക്ഡൗണ്‍ കാലത്ത് മത്സ്യ ലഭ്യത കുറഞ്ഞതോടെ പഴകിയ മത്സ്യക്കച്ചവടം തകൃതി. മത്സ്യഭക്ഷ്യസുരക്ഷാ വിഭാഗം വിവിധ ജില്ലകളില്‍നിന്ന് ചീഞ്ഞ മത്സ്യങ്ങള്‍ പിടികൂടി.
കൊല്ലം നഗരത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍ 5.9 ടണ്‍ പഴകിയ മത്സ്യം പിടികൂടി. കൊല്ലം ബൈപാസ് വഴി രണ്ട് ലോറികളില്‍ കൊണ്ടുവന്ന മത്സ്യങ്ങളാണ് പിടിച്ചെടുത്തത്.
പുന്നപ്ര ഭാഗത്ത് നിന്ന് കൊണ്ടുവന്ന ലോറിയാണ് ആദ്യം പിടിച്ചത്. ഇതില്‍ 1900 കിലോ ചെറിയ ചൂരയാണ് ഉണ്ടായിരുന്നത്. അന്യസംസ്ഥാനത്ത് നിന്ന് എത്തിച്ച മത്സ്യം പുന്നപ്രയില്‍ നിന്നാണ് ഈ കണ്ടെയ്‌നറില്‍ കയറ്റിയതെന്നാണ് സംശയം.
ഒരാഴ്ചയിലേറെ പഴക്കമുള്ള ഈ മത്സ്യം ചീഞ്ഞ് തുടങ്ങിയിരുന്നു. ചന്തകളിലെ മത്സ്യക്കച്ചവടക്കാര്‍ക്ക് കൈമാറാനായി കൊണ്ടുവന്നതെന്നായിരുന്നു വിശദീകരണം.
തൊട്ടുപിന്നാലെ എതിര്‍ദിശയില്‍ നിന്ന് വന്ന ലോറി പരിശോധിച്ചപ്പോള്‍ 4000 കിലോ ചീഞ്ഞ കേരച്ചൂരയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള വാഹനത്തില്‍ എവിടെ നിന്നാണ് മത്സ്യം കൊണ്ടുവന്നതെന്ന് പലതവണ ചോദിച്ചിട്ടും വ്യക്തമായ മറുപടി നല്‍കിയില്ല.
തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡത്തേക്ക് പോകുന്നുവെന്ന് മാത്രമായിരുന്നു മറുപടി. ഇന്നലെ രാവില ലോറിയുടെ ഉടമ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ച് ഉണക്ക മത്സ്യം നിര്‍മ്മിക്കാനായി കൊണ്ടുപോയതാണെന്ന് പറഞ്ഞെങ്കിലും വിശ്വാസത്തിലെടുത്തിട്ടില്ല. ഒരാഴ്ചയിലേറെ ഐസിട്ട് സൂക്ഷിച്ചിരുന്ന മത്സ്യം തണുപ്പ് പോയ ശേഷം വീണ്ടും ഐസിട്ടതാണെന്ന് പരിശോധനയില്‍ വ്യക്തമായി.
പിടിച്ചെടുത്ത മത്സ്യം പൂര്‍ണമായും നശിപ്പിച്ചു. അസഹ്യ ദുര്‍ഗന്ധം അനുഭവപ്പെട്ട ലോറികള്‍ പോളയത്തോട് ശ്മശാനത്തിലേക്ക് മാറ്റി. ലോറികളിലെ നാല് ജീവനക്കാരെയും കൊവിഡ് നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരായിരുന്നു പരിശോധന നടത്തിയത്..
ആലപ്പുഴ, കായംകുളത്ത് രണ്ടായിരത്തി അഞ്ഞൂറ് കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി. എരുവയിലെ സുനീര്‍ കട്ടിശ്ശേരി എന്നയാളുടെ വീട്ടില്‍നിന്ന് വിപണനത്തിനായി കൊണ്ടുപോകുകയായിരുന്ന മത്സ്യമാണ് പിടികൂടിയത്. വാഹനവും പിടിച്ചെടുത്തു.
കായംകുളം പൊലീസും നഗരസഭ ആരോഗ്യ വിഭാഗവും ചേര്‍ന്ന് ഇന്നലെ രാത്രി വൈകിയാണ് ഇവ പിടികൂടിയത്. ഫോര്‍മാലിന്‍ കലര്‍ത്തിയ മത്തി, ചൂര തുടങ്ങിയ മീനിന് മാസങ്ങളുടെ പഴക്കമുണ്ടെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
കഴിഞ്ഞ ദിവസം ആലപ്പുഴ, ചേര്‍ത്തല എന്നിവിടങ്ങളിലെ മത്സ്യ വിപണന കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ടായിരം കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.

