പങ്കുവയ്ക്കലിന്‍റെയും കരുതലിന്‍റെയും മഹത്തായ സന്ദേശം പകരുന്നതാണ് ഓരോ ക്രിസ്മസ് കാലവും കടന്നുപോകുന്നത് , എല്ലാ വര്‍ഷവും ഡിസംബര്‍ 25 നാണ് ലോകം ക്രിസ്മസ് ആഘോഷിക്കുന്നത്. പുല്‍ക്കൂടുകളും നക്ഷത്രവും വിളക്കുകളും അലങ്കാരങ്ങളും ദൈവാലയങ്ങളില്‍ പാതിരാ കുര്‍ബാനകളുമായി ക്രിസ്മസ് കാലം എന്നും ഓര്‍ത്തിരിക്കുന്ന ഒന്നായിരിക്കും.
ഓരോ രാജ്യത്തും ഓരോ തരത്തിലുള്ള ആഘോഷങ്ങളാണുണ്ടാവുക, സംസ്കാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കുമനുസരിച്ചാണ് ഇതില്‍ വ്യത്യാസമുണ്ടാകുന്നത്. എന്നാല്‍ ക്രിസ്മസ് എന്ന ആഘോഷമേ ഇല്ലാത്ത രാജ്യങ്ങളുമുണ്ട്. ഇവിടെ മറ്റേതു ദിവസത്തെയും പോലെ തന്നെ ഡിസംബര്‍ 25ഉം കടന്നു പോകും. ക്രിസ്മസ് ആഘോഷക്കാത്ത രാജ്യങ്ങളെ പരിചയപ്പെടാം.
മുസ്ലീം ഭൂരിപക്ഷമുള്ള അഫ്ഗാനിസ്ഥാന് കാലങ്ങളായി ക്രിസ്തുമതവുമായി അത്രനല്ല ബന്ധത്തിലായിരുന്നില്ല. അതുകൊണ്ടുതന്നെ ക്രിസ്ത്യന്‍ ആഘോഷങ്ങള്‍ക്കും ദിവസങ്ങള്‍ക്കുമൊന്നും ഇവിടെ പ്രത്യേക പ്രാധാന്യമില്ല. താലിബാന്‍ ഭരണം കയ്യാളിയ 1990 കള്‍ മുതല്‍ താലിബാന്‍ ഭരണമേറ്റതു മുതലാണ് ആഘോഷങ്ങള്‍ക്കു കൂടുതല്‍ നിയന്ത്രണം വന്നത്.
മറ്റൊരു ഇസ്ലാം ഭൂരിപക്ഷ രാജ്യമായ അള്‍ജീറിയയിലും ക്രിസ്മസ് ആഘോഷിക്കുന്ന പതിവില്ല. ക്രിസ്ത്യന്‍ രാജ്യമായ ഫ്രാന്‍സിന്റെ ഭരണത്തിലായിരുന്നു ഇവിടം കാലങ്ങളോളം. 1962 ലാണ അള്‍ജീറിയ ഫ്രാന്‍സിന്‍റെ ഭരണത്തില്‍ നിന്നും പുറത്തുകടക്കുന്നത്.
ആകെ ജനസംഖ്യയുടെ ഒരു ശതമാനത്തോളം മാത്രം ക്രിസ്തുമത വിശ്വാസികളുള്ള രാജ്യമാണ് ഭൂട്ടാന്‍. ക്രിസ്മസ് ആഘോഷം ഇവിടുത്തെ കലണ്ടറില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഒരു ആഘോഷമല്ല. ബുദ്ധമതത്തിലാണ് ഇവിടെ കൂടുതല്‍ പ്രാധാന്യം.
2015 മുതല്‍ പൊതുഇടങ്ങളിലെ ക്രിസ്മസ് ആഘോഷം വിലക്കിയിരിക്കുന്ന രാജ്യമാണ് ബ്രൂണെയ്. ഇസ്ലാമിക് രാജ്യമായ ഇവിടെ പരസ്യമായിനിയനം തെറ്റിച്ചാല്‍ ശിക്ഷ ഉറപ്പാണ്. എന്നാല്‍ മുസ്ലീം വിശ്വാസികളല്ലാത്തവര്‍ക്ക് തങ്ങളുട അടുത്ത ആളുകള്‍ക്കും കൂട്ടായ്മകള്‍ക്കുമൊപ്പം ക്രിസ്മസ് ആഘോഷം നടത്താം ക്രിസ്മസ് മാത്രമല്ല, തങ്ങളുടെ വിശ്വാസത്തിനനുസരിച്ചുള്ല ഏത് ആഘോഷം പരസ്യമല്ലാതെ ആചരിക്കുന്നതില്‍ ഇവിടെ വിലക്കില്ല. എന്നാല്‍ ഇത് പുറത്തു പങ്കുവയ്ക്കുവാനും മറ്റും അനുവാദമില്ല.
മറ്റേതു ദിവസത്തെയും പോലെ തന്നെയാണ് ഡിസംബര്‍ 26ഉം ചൈനയില്‍. സ്കൂളുകളും ഓഫീസുകളുമെല്ലാം അന്ന് സാധാരണപോലെ തന്നെ പ്രവര്‍ത്തിക്കും,
ചൈന ഔദ്യോഗികമായി ഒരു മതരഹിത രാജ്യമാണ്, അതിനാൽ ക്രിസ്തുമതത്തോടൊപ്പം ക്രിസ്മസ് ഒരിക്കൽ പൂർണ്ണമായും നിരോധിക്കപ്പെട്ടിരുന്നു, . പാശ്ചാത്യ രീതിയിലുള്ള ഒരു അവധിക്കാലം ആചരിക്കുന്നതിനെതിരെ സർക്കാർ ഇപ്പോഴും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ, ഇതു സംബന്ധിയായ ബിസിനസുകളില്‍ രാജ്യം താല്പര്യം കാണിക്കുന്നുണ്ട്. ചൈനയിലെ ക്രിസ്മസിന്റെ വാണിജ്യ പതിപ്പ് വലിയ നഗരങ്ങളിൽ മാത്രമേ ആഘോഷിക്കൂ. എന്നാല്‍ ഗ്രാമങ്ങളിലേക്ക് എത്തുമ്പോള്‍ വലിയ ആഘോഷമൊന്നും ഇവിടെ കാണാനില്ല
വളരെ കുറച്ച് ക്രിസ്ത്യന്‍ വിശ്വാസികള്‍ മാത്രം ജീവിക്കുന്ന മംഗോളിയയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കാരില്ല. ബുദ്ധമത വിശ്വാസം പിന്തുടരുന്ന ഇവിടെ ഡിസംബര്‍ 25 പൊതു പ്രവര്‍ത്തി ദിനം തന്നെയാണ്.
ഷെരിയ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്ന രാജ്യമായ സൊമാലിയയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കുണ്ട്. രാജ്യത്തിന്റെ പൊതുവായ വിശ്വാസത്തെ ബാധിക്കുമെന്നതിനാലാണ് ഇവിടെ ക്രിസ്തുമത വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുവാന്‍ അനുവദിക്കാത്തത്.

