Friday, May 17, 2024
spot_img

ചികിത്സ ഉറപ്പാക്കിയില്ല: കിളികൊല്ലൂർ പൊലീസ് മര്‍ദനത്തിൽ മജിസ്ട്രേട്ടിനെതിരെ പരാതി

കൊച്ചി : കൊല്ലം കിളികൊല്ലൂരിൽ സൈനികൻ ഉൾപ്പെടെ പൊലീസ് മര്‍ദനത്തിന് ഇരയായ സംഭവത്തിൽ മജിസ്ട്രേട്ടിനെതിരെ പരാതി. കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിനെതിരെയാണ് ഹൈക്കോടതി റജിസ്ട്രാർക്ക് പൂര്‍വവ്വസൈനിക സേവാ പരിഷത്ത് പരാതി നൽകിയത്. സൈനികനും സഹോദരനും മര്‍ദനമേറ്റ വിവരം മജിസ്ട്രേട്ടിനോട് പറഞ്ഞെന്നു പരാതിയിൽ പറയുന്നു. പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റതു മനസ്സിലാക്കിയിട്ടും മജിസ്ട്രേട്ട് ചികിത്സ ഉറപ്പാക്കിയില്ല. പൊലീസ് ആവശ്യപ്പെട്ട പ്രകാരം മജിസ്ട്രേട്ട് ഇരകളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. നിരുത്തരവാദ നടപടി സ്വീകരിച്ച മജിസ്ട്രേട്ടിനെതിരെ നടപടി വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം. ഡിവൈഎഫ്ഐ പേരൂർ മേഖല ജോയിന്റ് സെക്രട്ടറി വിഗ്നേഷ്, സഹോദരനും സൈനികനുമായ വിഷ്ണു എന്നിവരെ പൊലീസ് മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംഭവത്തിൽ നാലു പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ പ്രതിസ്ഥാനത്തുള്ള പൊലീസുകാരെ സഹായിക്കും വിധം വീടിന് അടുത്തേയ്ക്കു സ്ഥലംമാറ്റം നൽകിയെന്നും ആക്ഷേപമുണ്ട്. സ്റ്റേഷനിലെ പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്.

Related Articles

Latest Articles