Sunday, June 2, 2024
spot_img

ചൈനയിൽ രോഗലക്ഷണങ്ങളില്ലാത്ത രോഗികൾ അനവധി

ബീജിങ്: ഏറെ കാലത്തിനു ശേഷം ചൈനയില്‍ പുതിയ കൊറോണ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും പുതിയ ഭീഷണിയിലാണ് രാജ്യം. എന്നാല്‍ മറ്റൊരു ഭീഷണി ചൈനയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 32 പേര്‍ക്ക് ഇന്നലെ മാത്രം ചൈനയില്‍ കൊറോണ സ്ഥിരീകരിച്ചു.

അതില്‍ മുപ്പത് പേര്‍ക്കും കൊറോണ രോഗബാധയുടെ ലക്ഷണങ്ങളൊന്നുമില്ല. ഇത്തരം കേസുകളുടെ എണ്ണം ചൈനയില്‍ വര്‍ധിക്കുകയാണ്. ഇതുവരെ ചൈനയില്‍ ഇത്തരം 1033 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ചൈനയെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്.

വൈറസ് ബാധയുണ്ടായിരിക്കുകയും എന്നാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യുന്ന ഇത്തരം രോഗികള്‍ മറ്റുള്ളവരിലേക്ക് രോഗം പകരുമെന്നതാണ് അപകടം. രോഗലക്ഷണങ്ങള്‍ ഇല്ലാത്തതുകൊണ്ട് ഇവരെ തിരിച്ചറിയാനോ ഐസൊലേഷനിലേക്ക് വിടാനോ സാധിക്കില്ല.

രോഗബാധ ആദ്യ ഘട്ടം നിയന്ത്രിച്ചതിനു ശേഷമാണ് രോഗലക്ഷണമില്ലാത്ത രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ശ്രദ്ധയില്‍ പെട്ടത്. ജനുവരില്‍ വുഹാന്‍ അടങ്ങുന്ന ഹുബൈ പ്രവിശ്യ ലോക്ക് ഡൗണ്‍ ചെയ്യപ്പെട്ടതിനു ശേഷം തുറന്നുകൊടുക്കുന്നതിനിടയിലാണ് പുതിയ ഭീഷണി ഉയര്‍ന്നിരിക്കുന്നത്.

ചൈന ഈയൊരു സാധ്യത നേരത്തെ തന്നെ പ്രവചിച്ചിരുന്നു. ജനുവരി 30ന് ന്യൂ ഇംഗ്ലണ്ട് ജേര്‍ണര്‍ ഓഫ് മെഡിസിനിലേക്ക് ഇതേ കുറിച്ച് ചൈനീസ് ഡോക്ടര്‍മാര്‍ ഒരു കത്ത് എഴുതിയിരുന്നു. ഷാങ്ഹായില്‍ നിന്ന് വന്ന ഒരു യാത്രികയുടെ ഉദാഹരണം അവര്‍ ചൂണ്ടിക്കാട്ടി. അവര്‍ ആരോഗ്യവതിയായി കാണപ്പെടുമ്പോഴും രോഗവാഹകയായിരുന്നെന്നായിരുന്നു കണ്ടെത്തല്‍.

മൊത്തം കൊറോണ രോഗികളില്‍ നാലില്‍ ഒന്ന് ഇത്തരത്തിലാവുമെന്നാണ് പുറത്തുവന്ന ഒരു കണക്ക്. 25ശതമാനം പേര്‍ക്കും രോഗം ലഭിക്കുന്നത് ഇത്തരം കേസുകള്‍ വഴിയാണെന്ന് കൊളംബിയ സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് പറയുന്നു.

അതേസമയം ആദ്യം രോഗലക്ഷണമില്ലാത്ത രോഗികളെന്ന ഗണത്തില്‍ പെട്ട പലരും പിന്നീട് രോഗലക്ഷണങ്ങള്‍ കാണിച്ചുവെന്ന് ഗവേഷകര്‍ പറയുന്നു. അത്തരക്കാരുടെ എണ്ണം 75ശതമാനം വരും. വുഹാനില്‍ പ്രവാസികളായിരുന്നവരില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ ഒരു കാര്യം അവിടെ കൊറോണ ടെസ്റ്റ് ബാധിതരില്‍ 30.8ശതമാനത്തിനും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ്.

മുഴുവന്‍ പേരും മാസ്‌ക്കുകള്‍ ധരിക്കുകയാണ് രോഗം പകരാതിരിക്കാനുള്ള ഏക വഴിയെന്നാണ് ഗവേഷകര്‍ പറയുന്നത്. അതിനിടയില്‍ സമൂഹ വ്യാപന ഭീഷണി ചൈനയില്‍ നിന്ന് ഒഴിഞ്ഞുപോയെന്ന് ചൈനീസ് അധികൃതര്‍ പറയുന്നു. ഇപ്പോള്‍ ഉണ്ടാകുന്ന കേസുകള്‍ പുറത്തുനിന്ന് വരുന്നതാണെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

Related Articles

Latest Articles