Sunday, October 18, 2026

ജനമൈത്രി പോലീസ്: പാലക്കാട് പോലീസിന് പുരസ്‌കാരം

തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ വീടുകള്‍ സന്ദര്‍ശിച്ച ജില്ലയ്ക്കുള്ള ജനമൈത്രി പോലീസിന്റെ ബഹുമതിക്ക് പാലക്കാട് അര്‍ഹമായി. ജനമൈത്രി പോലീസിന്റെ സോഫ്റ്റ് വെയര്‍ അധിഷ്ഠിത ബീറ്റ് സംവിധാനമായ എം ബീറ്റിലെ കണക്കനുസരിച്ചാണ് ഈ ബഹുമതി.

തിരുവനന്തപുരത്തു പോലീസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ബാബു.കെ.തോമസ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

എം ബീറ്റ് സംവിധാനപ്രകാരം ഏറ്റവും കൂടുതല്‍ വീടുകള്‍ സന്ദര്‍ശിച്ച പോലീസ് സ്റ്റേഷനുള്ള പുരസ്‌കാരം പാലക്കാട് ജില്ലയിലെ ചാലിശ്ശേരി പോലീസ് സ്റ്റേഷന് ലഭിച്ചു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.പ്രതാപ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ. ശ്രീകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ വി.ആര്‍. രതീഷ് എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സ്വീകരിച്ചു.

മികച്ച ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ക്കുള്ള പുരസ്‌കാരം പാലക്കാട് ഹേമാംബിക നഗര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വി.അറുമുഖനും കസബ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.രാജനും കുഴല്‍മന്ദം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ എസ്.രതീഷിനും ലഭിച്ചു.

പോലീസ് ആസ്ഥാനത്തു നടത്തിയ ചടങ്ങില്‍ എ.ഡി.ജി.പി സുദേഷ് കുമാര്‍, ജനമൈത്രി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ കൂടിയായ ഐ.ജി എസ് ശ്രീജിത്ത്, ഐ.ജി പി വിജയന്‍ എന്നിവരും പങ്കെടുത്തു.

Related Articles

Latest Articles