Thursday, May 9, 2024
spot_img

പെട്ടിമുടിയിൽ തിരച്ചിൽ തുടരണോ?ഇന്ന് പ്രത്യേക യോഗം.കണ്ടെത്താനുള്ളത് 5 പേരെ

ഇടുക്കി: രാജമലയ്ക്ക് അടുത്ത് പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നത് സംബന്ധിച്ച് തീരുമാനിക്കാൻ ഇന്ന് നിർണ്ണായക യോഗം. മൂന്നാറിൽ പതിനൊന്ന് മണിക്കാണ് യോഗം.

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടത്തിയ തെരച്ചിലിൽ ആരെയും കണ്ടെത്താനായിരുന്നില്ല. കാണാതായവ‍ർക്കായി ഇതിനോടകം പരമാവധി മേഖലയിൽ തെരച്ചിൽ നടത്തിയെന്നാണ് അധികൃത‍ർ പറയുന്നത്. ഇനിയും തെരച്ചിൽ നടത്തണോയെന്ന കാര്യത്തിൽ കാണാതായവരുടെ ബന്ധുക്കളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തീരുമാനം എടുക്കുക. ഏതെങ്കിലും സ്ഥലത്ത് തെരച്ചിൽ നടത്താൻ ബന്ധുക്കൾ ആവശ്യപ്പെട്ടാൽ അതിനും അധികൃത‍ർ തയ്യാറാവും. 

ഇടുക്കി പെട്ടിമുടിയിലുണ്ടായ ദുരന്തത്തിൽ ഇനി അഞ്ച് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. മണ്ണിനടയിൽപ്പെട്ട ലയങ്ങൾ നിന്ന സ്ഥലം കൂടാതെ മലവെള്ളം ഒഴുകി പോയ പാതയിലും സമീപത്തെ പുഴയോരത്തുമെല്ലാം ദൗത്യസേന ദിവസങ്ങളായി തിരച്ചിൽ നടത്തി വരികയായിരുന്നു. ഇതുവരെ 65 മൃതദേഹങ്ങളാണ് പെട്ടിമുടിയിൽ കണ്ടെത്തിയത്. 12 പേർ പരിക്കേറ്റ് ചികിത്സയിലുമാണ്. മോശം കാലാവസ്ഥയും, വന്യമൃഗശല്യവും തെരച്ചലിനെ സാരമായി ബാധിക്കുന്നുണ്ട്. 

Related Articles

Latest Articles