Sunday, June 16, 2024
spot_img

പെരുമയേറും എരുമേലി

ശബരിമല തീർത്ഥാടനത്തിന്റെ ഏറ്റവും സുപ്രധാനമായ ആചാരങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന എരുമേലി മണികണ്ഠന്റെ ഐതിഹ്യ കഥകളിലും അയ്യപ്പന്റെ ചരിത്രത്തിലും ഒരു പോലെ പ്രാധാന്യമർഹിക്കുന്ന ഒരു സ്ഥലമാണ്. ഐതിഹ്യത്തിലേക്കും ചരിത്രത്തിലേക്കും വഴിതെളിക്കുന്ന പലകാഴ്ചകൾ ഇന്നും ഈ മണ്ണിന്റെ ഹൃത്തടത്തിൽ കാണാനാകും.

ഭക്തിയുടെ നിറക്കൂട്ടിൽ എരുമേലിയിലെ പേട്ടതുള്ളൽ

എരുമേലിയുടെ മണ്ണിലേക്കെത്തുമ്പോൾ ഇവിടെ നമ്മളെ സ്വാഗതം ചെയുന്നത് പുരാണത്തിന്റെയും ഐതിഹ്യത്തിന്റെയും നിറക്കൂട്ടുകൾ മെനഞ്ഞ കഥകളാണ്. ഈ കഥകൾക്ക് വിശ്വാസ്യത പകർന്നു കൊണ്ട് എരുമേലിയുടെ ഹൃദയത്തിൽ തന്നെ കുടി കൊള്ളുന്ന എരുമേലി പുത്തൻ വീടും. ഐതിഹ്യ കഥ പ്രകാരം മഹിഷി നിഗ്രഹത്തിനെത്തിയ മണികണ്ഠൻ രാപ്പാർത്ത വീടാണത്രെ എരുമേലിയിലെ ഈ പുത്തൻ വീട്.

ചരിത്രമുറങ്ങുന്ന എരുമേലി പുത്തൻവീട്

ഈ കഥ പറയുമ്പോൾ പുത്തൻ വീട് തെളിവായി കാട്ടിത്തരുന്നത് ഇവിടുത്തെ അറയിൽ സൂക്ഷിച്ചിരിക്കുന്ന ഒരു ഉടവാളാണ്. ഒരു പക്ഷെ ഐതിഹ്യവും ചരിത്രവും കൂട്ടിമുട്ടാത്ത ഒരു സ്ഥലം കൂടിയാണ് ഈ പുത്തൻ വീട്.

പുത്തൻവീട്ടിലെ പൂജാമുറിയും അയ്യപ്പൻറെ വാളും

ചരിത്രത്തിന്റെ പുഴ പുരാണമെന്ന സാഗരത്തിലെവിടെയോ നഷ്ടമായിരിക്കുന്നു. പക്ഷെ ആ വിടവ് ഈ പുത്തൻവീട് ഇന്നും നികത്തുന്നത് ഐതിഹ്യത്തെ കൂട്ടുപിടിച്ചു കൊണ്ടാണ്. ഒരർത്ഥത്തിൽ എരുമേലി എന്ന ഈ സ്ഥലത്തിന്റെ ഐതിഹ്യം പോലും ഈ കുടുംബവുമായി ബന്ധപ്പെട്ടു കിടക്കുകയാണ്.

എരുമേലിയിലെ ശാസ്താ ക്ഷേത്രവും ഒരുകാലത്ത്‌ ഈ കുടുംബത്തിന്റെ വകയായിരുന്നു. അയ്യപ്പന്റെ സാന്നിധ്യം വിളിച്ചോതുന്ന എരുമേലി പുത്തൻവീടിനെ ഒരു ക്ഷേത്രത്തിന്റെ പരിശുദ്ധിയോടെയാണ് ഇന്നത്തെ തലമുറ പരിപാലിക്കുന്നത്.

എരുമേലിയുടെ വിഹഗവീക്ഷണം

മഹിഷിയെ അഥവാ എരുമയെ കൊന്ന സ്ഥലമാണത്രെ കാലാന്തരത്തിൽ എരുമേലിയായത് എന്നാണ് സ്ഥലപുരാണം.ശബരിമല തീർത്ഥാടനത്തിന് പരമ്പാരാഗത കാനന പാത തെരഞ്ഞെടുത്തവർ എരുമേലിയുടെ മണ്ണിലേക്കെത്തിയാൽ ആദ്യ ചുവടു കൊച്ചമ്പലത്തിലേക്കാണ്. പേട്ട ശാസ്‌താലയം എന്നറിയപ്പെടുന്ന ഈ അമ്പലത്തിൽ നിന്നാണ് പേട്ടകെട്ട് ആരംഭിക്കുന്നത്.

കാട്ടുകൊള്ളക്കാരൻ ഉദയനനെ വധിക്കാൻ അയ്യപ്പനും സംഘവും നടത്തിയ പടപ്പുറപ്പാടിന്റെ പ്രതീകമാണ് പേട്ട തുള്ളൽ എന്ന് ചരിത്രം പറയുമ്പോൾ എരുമേലി പുരാണത്തിന്റെ താളുകളിലേക്കാണ് പേട്ടകെട്ടിനെ എഴുതി ചേർക്കുന്നത്.

മഹിഷി നിഗ്രഹത്തിന്റെ ആഹ്ളാദ പ്രകടനമാണ് ചായക്കൂട്ടുകൾ തേച്ച് പച്ചില കൊമ്പുകളുമേന്തി താളത്തിനൊത്തുള്ള ഈ ചുവടുവയ്‌പ്പെന്ന് ഐതിഹ്യം .

അയ്യപ്പത്തിൻതകതോം സ്വാമിതിന്തകതോം ..

എന്നാൽ ഉദയനനെതിരെയുള്ള അയ്യപ്പന്റെ പടനീക്കത്തിന്റെ ചുവടുകളാണ് പേട്ടകെട്ടിന് പിന്നിലെ ചരിത്രസത്യം എന്ന് വിളിച്ചോതിക്കൊണ്ടാണ് ധനുമാസം 27ന് എരുമേലിയുടെ ഹൃദയത്തിൽ അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങളുടെ പേട്ട തുള്ളൽ നടക്കുന്നത്.

കൊച്ചമ്പലത്തിൽ നിന്നും പേട്ടകെട്ടിയിറങ്ങിയാൽ പിന്നീടുള്ള ചുവടുകൾ വാവരുപള്ളിയിലേക്കാണ്. ലോകത്ത് ഒരു പക്ഷെ ഇവിടെ മാത്രം കാണാൻ കഴിയുന്ന കാഴ്ചയാണ് ഇത്. ഒരു ഹൈന്ദവ തീർത്ഥാടനത്തിൽ മുസ്ലിം ദേവാലയം കൂടി ഭാഗഭാക്കാകുന്ന കാഴ്ച. അയ്യപ്പൻ എന്ന ചരിത്രപുരുഷൻ ലോകത്തിനു മുന്നിൽ സമർപ്പിച്ച സമഭാവനയുടെ നേർക്കാഴ്ച തന്നെയാണിത്.

മതമൈത്രിയുടെ രംഗവേദി

വാവര് പള്ളിയിൽ നിന്നും പേട്ട തുള്ളിയുറഞ്ഞു ഇനിയുള്ള ചുവടുകൾ വലിയമ്പലത്തിലേക്കാണ്. പുരാണവും ചരിത്രവും കൈകോർത്തു ഇവിടെ താളക്കൊഴുപ്പിൽ ആടി തിമിർക്കുകയാണ്. താളമേളങ്ങൾക്കനുസരിച്ച് തുള്ളിയുറയുന്ന പേട്ടകെട്ട് വലിയമ്പലത്തിന്റെ മുറ്റത്താണ് സമാപിക്കുന്നത്.

പേട്ട കഴിഞ്ഞ് അമ്പലത്തിന്റെ നീരുറവയിൽ ദേഹശുദ്ധി വരുത്തിയാൽ പിന്നെ വിരിവച്ചു വിശ്രമമാണ്.

വീണ്ടും ഒരു വലിയ പ്രയാണത്തിനുള്ള മുന്നൊരുക്കം….

(തുടരും ……)

Related Articles

Latest Articles