Friday, May 3, 2024
spot_img

പോലീസുകാരനോട് നിരന്തര സംസാരം; ഭാവഭേദമില്ലാതെ സ്വപ്ന സുരേഷും സന്ദീപ് നായരും എൻ.ഐ.എ. കോടതിയിൽ

കൊച്ചി: എൻ.ഐ.എ. കോടതിയിൽ പ്രത്യേകിച്ച് ഭാവഭേദം ഒന്നുമില്ലാതെ സ്വപ്ന സുരേഷും സന്ദീപ് നായരും. പോലീസുകാരനോട് നിരന്തരം സംസാരിച്ച് നിൽക്കുകയായിരുന്നു സന്ദീപ്. ബെഞ്ചിൽ മാറി ഇരിക്കുകയായിരുന്നു സ്വപ്‌ന. ഇരുവർക്കുംവേണ്ടി അഭിഭാഷകർ ഹാജരായിരുന്നില്ല. ഹൈക്കോടതിയിൽ സ്വപ്നയ്ക്കുവേണ്ടി മുൻകൂർ ജാമ്യഹർജി നൽകിയ അഭിഭാഷകനെയും ബന്ധപ്പെട്ടിരുന്നില്ലെന്നാണ് സൂചന. രക്തസമ്മർദം അടക്കമുള്ള രോഗങ്ങൾ ഉള്ളതിനാൽ മരുന്ന് വേണമെന്ന് സന്ദീപ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. സ്വപ്നയും ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് പറഞ്ഞെങ്കിലും തനിക്ക് മരുന്ന് വേണ്ടെന്നും യോഗ ചെയ്താൽ ശരിയാകുമെന്നും പിന്നീട് അറിയിച്ചു.

അതേസമയം സ്വപ്നയെയും സന്ദീപിനെയും കുടുക്കാൻ കേന്ദ്ര ഇന്റലിജൻസിനെ സഹായിച്ചത് ‘സെൽ പൂളിങ്’ എന്ന രീതി. പ്രതികളുമായി അടുത്ത് ബന്ധമുള്ളവരുടെ ഫോണുകൾ നിരന്തരമായി നിരീക്ഷിക്കുന്ന സംവിധാനമാണിത്. പ്രതികളുടെ സുഹൃത്തുക്കളുടെയും അടുത്തബന്ധുക്കളുടെയും ഫോൺ നമ്പറുകൾ ഒരു ഗ്രൂപ്പാക്കി സദാ സൈബർ നിരീക്ഷണത്തിലാക്കിയ ശേഷം ഈ നമ്പറുകളിലേക്ക് പൊതുവായി ഏതെങ്കിലും ഒരു നമ്പറിൽനിന്ന് കോൾ വരുന്നുണ്ടോയെന്ന് പരിശോധിക്കും. ഇത്തരത്തിൽ വരുന്ന ഫോണിന്റെ ടവർ ലൊക്കേഷൻ കണ്ടെത്തി വിളിച്ചയാൾ ആരാണെന്ന് കണ്ടെത്തും. ഇത്തരത്തിൽ ബെംഗളൂരുവിൽനിന്ന് വന്ന ഫോൺ നമ്പർ പിന്തുടർന്നാണ് പ്രതികളുടെ ടവർ ലൊക്കേഷനും താമസസ്ഥലവും കണ്ടെത്തിയത്.

Related Articles

Latest Articles