Saturday, April 27, 2024
spot_img

മനസില്ലാമനസോടെ ബാറുകൾ പൂട്ടാൻ തീരുമാനം; എന്നാൽ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടയ്ക്കില്ല

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും അടച്ചിടാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ കര്‍ശന നിയന്ത്രണത്തോടെ പ്രവര്‍ത്തിക്കും. അതേസമയം സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ ആവശ്യമില്ലെന്നും ഉന്നതതല യോഗത്തില്‍ തീരുമാനമായി.

കാസര്‍ഗോഡ് ജില്ലയില്‍ ബിവറേജ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും. സംസ്ഥാനത്തെ മുഴുവന്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിട്ടാല്‍ വ്യാജമദ്യം സംസ്ഥാനത്തേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ടെന്നും യോഗം നിരീക്ഷിച്ചു.

കാസര്‍ഗോഡ് ജില്ല മാത്രം പൂര്‍ണമായി അടച്ചിടും. എറണാകുളം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മറ്റ് ജില്ലകളില്‍ ഭാഗികമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ഉന്നതതല യോഗത്തില്‍ തീരുമാനമായി. ജില്ലകളില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ജില്ലാ കളക്ടര്‍മാര്‍ക്ക് ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കും.

സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ അടച്ചിടണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ കാസര്‍ഗോഡ് ജില്ല മാത്രം പൂര്‍ണമായി അടച്ചിടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

Related Articles

Latest Articles