Friday, May 10, 2024
spot_img

കോവിഡ് 19 ;ഒമാനിൽ അച്ചടി പ്രസിദ്ധീകരണങ്ങൾക്ക് വിലക്ക്

മസ്​കത്ത്​: കോവിഡ്​ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കി സുപ്രീം കമ്മിറ്റി യോഗം. ഞായറാഴ്​ച നടന്ന യോഗം ഒമാനില്‍ പത്രങ്ങളും മാസികകളുമടക്കം എല്ലാത്തരം പ്രസിദ്ധീകരണങ്ങളുടെയും അച്ചടിയും വിതരണവും നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു.

രാജ്യത്തിന്​ പുറത്ത്​ അച്ചടിക്കുന്ന പത്രങ്ങളുടെയും മാസികകളുടെയും വില്‍പനയും വിതരണവും നിര്‍ത്തിവെക്കാനും യോഗം നിര്‍ദേശിച്ചു. മാര്‍ച്ച്‌​ 23 തിങ്കളാഴ്​ച മുതല്‍ തീരുമാനം പ്രാബല്ല്യത്തില്‍ വരും.

സര്‍ക്കാര്‍ ഓഫീസുകളിലെയും ഏജന്‍സികളിലെയും ജീവനക്കാരുടെ എണ്ണം പരമാവധി മുപ്പത്​ ശതമാനമായി കുറക്കാന്‍ യോഗം നിര്‍ദേശിച്ചു. അടിയന്തിരാവശ്യങ്ങള്‍ക്ക്​ മാത്രമുള്ള ജീവനക്കാര്‍ മാത്രം ഓഫീസിലെത്തിയാല്‍ മതി.

പൊതുസ്​ഥലങ്ങളില്‍ ഒരു തരത്തിലുള്ള ഒത്തുചേരലുകളും അനുവദിക്കില്ല. നിയമലംഘകര്‍ക്കെതിരെ അനുയോജ്യമായ നടപടി സ്വീകരിക്കും. എല്ലാ ധനവിനിമയ സ്​ഥാപനങ്ങളും അടക്കാനും യോഗം നിര്‍ദേശിച്ചു.

വാണിജ്യ സ്​ഥാപനങ്ങളും മറ്റും കറന്‍സി നോട്ടുകളുടെ ഉപയോഗം പരമാവധി കുറക്കണം. കറന്‍സി നോട്ടുകള്‍ വഴി രോഗം പടരാനുള്ള സാധ്യത ഏറെയാണ്​ എന്നതിനാലാണിത്​. പകരം ഇലക്​ട്രോണിക്​ പേയ്​മെന്റിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു.

ബാങ്കുകള്‍ ധനവിനിമയ സേവനം നല്‍കണം. ‘കോവിഡ്​’ മഹാമാരി വ്യാപിക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും ബാങ്കുകള്‍ കൈകൊള്ളുകയും വേണം. ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം പരമാവധി കുറച്ച്‌​ ‘വര്‍ക്ക്​ ഫ്രം ഹോം’ അടക്കം സംവിധാനം ഏര്‍പ്പെടുത്താന്‍ വേണ്ട നടപടിക്രമങ്ങള്‍ കൈ​ കൊള്ളാന്‍ സ്വകാര്യ സ്​ഥാപനങ്ങളോട്​ കമ്മിറ്റി നിര്‍ദേശിച്ചു.

Related Articles

Latest Articles