ദില്ലി: കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില് രാജ്യവ്യാപകമായി ലഹരി ഉത്പന്നങ്ങളുടെ ഉപഭോഗത്തിന് സമ്പൂര്ണ്ണ നിരോധനം ഏര്പ്പെടുത്തി കേന്ദ്ര സര്ക്കാര്. മദ്യത്തിന് പുറമെ പുകയില ഉത്പന്നങ്ങള്ക്കും പാന് മസാലയ്ക്കും കര്ശന നിരോധനം ഏര്പ്പെടുത്താന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.
ലഹരി വസ്തുക്കള് ഉപയോഗിക്കുന്നതും പൊതു ഇടങ്ങളില് തുപ്പുന്നതും നിരോധിച്ചതായും ഈ നിര്ദ്ദേശങ്ങള് കൃത്യമായി പാലിക്കപ്പെടേണ്ടത് ജില്ലാ മജിസ്ട്രേട്ടുമാരുടെ ചുമതലയാണെന്നും കേന്ദ്ര സര്ക്കാര് ഉത്തരവില് പറയുന്നു. ഇവ ലംഘിക്കുന്നവര്ക്കെതിരെ 2005 ലെ ദുരന്ത നിവാരണ നിയമ പ്രകാരം കേസെടുത്ത് ശിക്ഷകളും പിഴയും ഉറപ്പ് വരുത്തണമെന്നും കേന്ദ്രസര്ക്കാര് നിഷ്കര്ഷിക്കുന്നു.
മദ്യനിരോധനം നിലവില് വന്ന സാഹചര്യത്തില് രാജ്യത്ത് ചിലയിടങ്ങളില് വ്യാജമദ്യ വില്പ്പന വ്യാപകമായിരുന്നു. ഉത്തര് പ്രദേശില് നിയമവിരുദ്ധമായി രഹസ്യ മദ്യവില്പന നടത്തിയ മദ്യശാലകളുടെ പ്രവര്ത്തനാനുമതി സര്ക്കാര് റദ്ദാക്കിയിരുന്നു.

