Tuesday, April 23, 2024
spot_img

സോണിയയെയും രാഹുലിനേയും കാത്തിരിക്കുന്നത് ജയിലറകളോ?

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും. ഡല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് ഓഫീസില്‍ ഉള്‍പ്പടെ നടത്തിയ റെയ്ഡുകളില്‍ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി ആലോചിക്കുന്നത്.

യങ് ഇന്ത്യന്‍ കമ്പനിയിലേക്ക് 2019 വരെ ഷെല്‍ കമ്പനികളില്‍ നിന്ന് പണം കൈമാറ്റം ചെയ്യപ്പെട്ടുവെന്ന രേഖകള്‍ റെയ്ഡുകളില്‍ കണ്ടെത്തിയതായി ഇഡി വൃത്തങ്ങള്‍ അറിയിച്ചു. യങ് ഇന്ത്യന്‍ കമ്പനിയിലെ 76 ശതമാനം ഓഹരികളുടെ ഉടമകള്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ്. അതിനാലാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി പദ്ധതിയിടുന്നത്.

കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡോടെക്‌സ് മെര്‍ച്ചന്‍ഡൈസ് എന്ന കമ്പനിയില്‍ നിന്ന് ഒരു കോടി രൂപ യങ് ഇന്ത്യയ്ക്ക് ലഭിച്ചതിന്റെ രേഖകള്‍ നേരത്തെ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിരുന്നു. ഇതില്‍ അമ്പത് ലക്ഷം രൂപ കോണ്‍ഗ്രസിന് കൈമാറിയാണ് അസോസിയേറ്റഡ് ജേര്‍ണല്‍സിന്റെ ഓഹരി യങ് ഇന്ത്യ വാങ്ങിയത്. ഇതേക്കുറിച്ച് നേരത്തെ സോണിയ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും ഇഡി വിശദമായി ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ മറ്റ് ചില ഷെല്‍ കമ്പനികളില്‍ നിന്ന് യങ് ഇന്ത്യന്‍ എന്ന കമ്പനിക്ക് പണം കൈമാറ്റം ചെയ്തുവെന്നതിന്റെ രേഖകള്‍ ലഭിച്ചു എന്നാണ് ഇഡി വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഷെല്‍ കമ്പനികളില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ പണം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണ ഏജന്‍സിക്ക് സംശയമുണ്ട്. നിശ്ചിത ശതമാനം കമ്മീഷന്‍ വാങ്ങിയ ശേഷം അക്കൗണ്ട് ബുക്കില്‍ ഇടപാടിനെ സംബന്ധിച്ച രേഖപ്പെടുത്തി കള്ളപ്പണം വെളുപ്പിച്ചതാണോ എന്നാണ് ഇഡി പരിശോധിക്കുന്നത്.

നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസിലെ വിചാരണ സ്റ്റേ ചെയ്യണമെന്ന സോണിയ ഗാന്ധിയുടെയും, രാഹുല്‍ ഗാന്ധിയുടെയും ആവശ്യം 2016 ല്‍ സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് ശേഷവും ഷെല്‍ കമ്പനികളില്‍ നിന്ന് യങ് ഇന്ത്യന്‍, അസോസിയേറ്റഡ് ജേര്‍ണല്‍സ് എന്നിവയിലേക്ക് പണം എത്തിയതിന്റെ രേഖകള്‍ ലഭിച്ചുവെന്നാണ് ഇഡി അവകാശപ്പെടുന്നത്. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയോട് ഇഡി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു.
സോണിയ ഗാന്ധിയെ മൂന്ന് ദിവസവും, രാഹുല്‍ ഗാന്ധിയെ അഞ്ച് ദിവസവും നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

 

അതേസമയം നാഷണൽ ഹെറാൾഡിനെതിരായ പരാതിയിൽ മധ്യപ്രദേശിലും അന്വേഷണം. പത്രത്തിന്‍റെ പേരിൽ ഭോപ്പാലിൽ വാങ്ങിയ ഭൂമി വാണിജ്യാവശ്യത്തിന് മറിച്ചുവിറ്റെന്ന പരാതിയിലാണ് സർക്കാർ അന്വേഷണം.

Related Articles

Latest Articles