Tuesday, November 10, 2026

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യശരങ്ങൾക്ക് മുന്നിൽ അരിശം പൂണ്ട് വിളറി പിടിച്ച് മുഖ്യമന്ത്രി; മാധ്യമങ്ങൾക്ക് രൂക്ഷ വിമർശനം, മുഖ്യമന്ത്രിയുടേത് ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കൊത്തുന്ന നടപടിയെന്ന് പരക്കെ വിമർശനം

തിരുവനന്തപുരം : ഭരണഘടനയിലെ നാലാം തൂണായ മാധ്യമങ്ങളോട് രൂക്ഷമായി കയർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ . ഇന്ന് വൈകുന്നേരം നടന്ന വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി കയർത്ത് സംസാരിച്ചത്. സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ചോദിച്ച ചോദ്യങ്ങൾക്കാണ് മുഖ്യമന്ത്രി പ്രകോപിതനായി സംസാരിച്ചത്. സ്വപ്ന സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍.ഐ.എയ്ക്ക് നല്‍കിയ മൊഴികളെ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടാണ് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്നയ്ക്ക് സ്വാധീനമുണ്ടെന്നും മുഖ്യമന്ത്രിയെ അവര്‍ക്ക് പരിചയമുണ്ടെന്നും സ്വപ്ന മൊഴി നല്‍കിയതായി മാധ്യമങ്ങൾ പറഞ്ഞു.

ഈ ചോദ്യങ്ങളോട്, എന്‍.ഐ.എ പറഞ്ഞ കാര്യങ്ങള്‍ക്ക് വേറെ ചില മാനങ്ങള്‍ ചാര്‍ത്തിക്കൊടുക്കാന്‍ മാധ്യമങ്ങൾ ഉള്‍പ്പെടെയുള്ള ചിലര്‍ ശ്രമിച്ചുണ്ടോ എന്ന് നോക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു.

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ എല്ലാവര്‍ക്കും പരിചയമുണ്ടല്ലോ എന്ന് സ്വപ്നയുടെ അഭിഭാഷകന്‍ തന്നെ പറഞ്ഞല്ലോ എന്നും മുഖ്യമന്ത്രിയെ പലര്‍ക്കും പരിചയമുണ്ടാകില്ലേ എന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് മറുചോദ്യം ചോദിച്ചു.

‘അതിനപ്പുറമുള്ള പരിചയമെന്താണ്? എന്താണ് നിങ്ങള്‍ക്ക് വേണ്ടത്? നിങ്ങളെ പോലുള്ള ചില മാധ്യമ പ്രവര്‍ത്തകര്‍ക്കും ചില മാധ്യമ സ്ഥാപനങ്ങള്‍ക്കും എന്താണ് വേണ്ടത്? കേരളത്തിന്റെ മുഖ്യമന്ത്രി സ്വര്‍ണം കടത്താന്‍ കൂട്ടുനിന്നു എന്നാണോ? അതിനുവേണ്ടി ശ്രമിച്ചു എന്നാണോ? അതിനാണോ നിങ്ങള്‍ ശ്രമിച്ചികൊണ്ടിരിക്കുന്നത്? അതിനായി എത്ര അദ്ധ്വാനിച്ചാലും ഒരു ഫലവും ഉണ്ടാകില്ല. അത് മനസിലാക്കിക്കോ!’മുഖ്യമന്ത്രി തിരിച്ചടിച്ചു.

‘നിങ്ങള്‍ ഒരു പ്രത്യേക രീതി ഉണ്ടാക്കാനായി ശ്രമിക്കുകയല്ലേ? ഈ നാടിന്റെ പൊതുവായ ബോധം മാറ്റിമറിക്കാന്‍ പറ്റുമോ എന്നല്ലേ നിങ്ങള്‍ നോക്കുന്നത്? അതാണോ മാധ്യമ ധര്‍മ്മം? നിങ്ങള്‍ ഒരു ഉപജാപക സംഘത്തിന്റെ വക്താക്കളായി മാറുകയല്ലേ? അങ്ങനെയാണോ വേണ്ടത്? എന്തടിസ്ഥാനത്തിലാണ് കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന എന്നെക്കുറിച്ച്‌ സംശയങ്ങളുണ്ടാക്കുന്ന തരത്തില്‍ നിങ്ങള്‍ വാര്‍ത്തകള്‍ കൊടുക്കുന്നത്? എന്ത് തെളിവിന്റെ അടിസ്ഥാനത്തില്‍? എന്തും വിളിച്ചുപറയാമെന്നുള്ള അവസ്ഥയല്ലേ?’ മുഖ്യമന്ത്രി മാധ്യമങ്ങളോട് ചോദിച്ചു.

മാധ്യമങ്ങൾ വിഷയവുമായി ബന്ധപ്പെട്ട് തുടര്‍ന്നും ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍, ചില മാധ്യമങ്ങൾ എന്ന് പറയുന്നതിന്റെ പിന്നിലെ ഉദ്ദേശം നാട്ടുകാര്‍ക്ക് വ്യക്തമായിട്ടുണ്ടെന്നും അതില്‍ നാട്ടുകാര്‍ക്ക് ഒരു സംശയവും ഇല്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.

സത്യം പുറത്തുവരാന്‍ അധികമൊന്നും വൈകില്ല. ആരുടെയൊക്കെ നെഞ്ചിടിപ്പാണ് കൂടുന്നതെന്ന് അപ്പോള്‍ കാണാം. കേസുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും പുറത്തുവരട്ടെ എന്നാണ് തുടക്കം മുതല്‍ താന്‍ പറഞ്ഞിട്ടുള്ളത്. അത് തന്നെയാണ് താന്‍ പ്രധാനമന്ത്രിക്ക് കത്തയച്ച കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് എന്‍.ഐ.എയും പറഞ്ഞതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

Related Articles

Latest Articles