Monday, May 6, 2024
spot_img

“130 കോടി ജനങ്ങൾ നിരാശയിൽ” എം.എസ് ധോണിക്ക് പ്രധാനമന്ത്രിയുടെ കത്ത്. നന്ദി അറിയിച്ച് ധോണി

ദില്ലി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിക്ക് അഭിനന്ദനമറിയിച്ച് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ രാജ്യത്തെ 130 കോടി ജനങ്ങൾ നിരാശരാണെന്ന് മോദി കത്തിലെഴുതിയത്. ധോണിയുടെ ക്രിക്കറ്റിലെ നേട്ടങ്ങളെയും ഇന്ത്യയിലെയും ലോകത്തിലെയും കായികരംഗത്തിനായി ചെയ്ത നല്ല കാര്യങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു.

വിരമിക്കലിനുശേഷം ധോണി ബി.ജെ.പിയിലൂടെ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ കത്ത് പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ് . ഓഗസ്റ്റ് 15ന് ധോണി വിരമിക്കൽ പ്രഖ്യാപിച്ച് പങ്കുവച്ച ട്വീറ്റിനെക്കുറിച്ച് പ്രതിപാദിച്ചാണ് കത്തിന്റെ തുടക്കം. പ്രധാനമന്ത്രിയുടെ നല്ല വാക്കുകൾക്ക് നന്ദിയറിയിച്ച് ധോണിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

‘രാജ്യം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റൻമാരിൽ ഒരാളാണ് താങ്കൾ. ലോകത്തിന്റെ നെറുകയിലേക്ക് രാജ്യത്തെ നയിച്ച നായകൻ. ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാൾ, ക്യാപ്റ്റൻമാരിൽ ഒരാൾ എന്നിങ്ങനെ മാത്രമല്ല, ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ എന്ന നിലയിൽക്കൂടിയാകും ചരിത്രം താങ്കളെ അടയാളപ്പെടുത്തുക.അതീവ വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിലും ടീമിന് ഏറ്റവും വിശ്വസമർപ്പിക്കാവുന്ന താരമായിരുന്നു താങ്കൾ. മത്സരങ്ങൾ ഫിനിഷ് ചെയ്യാനുള്ള താങ്കളുടെ കഴിവ് അപാരമായിരുന്നു. പ്രത്യേകിച്ചും 2011 ലോകകപ്പ് ഫൈനലിൽ ടീമിനെ വിജയത്തിലെത്തിച്ച താങ്കളുടെ ശൈലി തലമുറകളോളം ഓർത്തിരിക്കുമെന്ന് ഉറപ്പ് – മോദി എഴുതി.

കരിയറിലെ നേട്ടങ്ങളുടെ കണക്കുകള്‍ കൊണ്ടോ വിജയിപ്പിച്ച മത്സരങ്ങളുടെ പേരിലോ മാത്രം ഓര്‍ക്കേണ്ട പേരല്ല മഹേന്ദ്രസിങ് ധോനിയെന്നും വെറുമൊരു കായികതാരം മാത്രമായി താങ്കളെ കാണുന്നത് നീതികേടാകുമെന്നും പ്രധാനമന്ത്രി കത്തില്‍ പറയുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ രാജ്യത്തിനായി ചെയ്ത മഹത്തായ സേവനങ്ങളെ ഇന്ത്യയിലെ ജനങ്ങള്‍ നന്ദിയോടെ മാത്രമേ ഓര്‍ക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles