Monday, May 6, 2024
spot_img

14 ലക്ഷം രൂപ നിക്ഷേപം; സ്വന്തം പണം തിരികെ കിട്ടാൻ യാചിച്ചു; ഒടുവിൽ കരുവന്നൂരിൽ അംഗപരിമിതനായ നിക്ഷേപകൻ ചികിത്സക്ക് പണം കിട്ടാതെ മരിച്ചു

തൃശ്ശൂർ: കരുവന്നൂരിൽ അംഗപരിമിതനായ നിക്ഷേപകൻ ചികിത്സക്ക് പണം കിട്ടാതെ മരിച്ചു. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ കരുവന്നൂര്‍ കൊളങ്ങാട്ട് ശശി കഴിഞ്ഞ മാസം 30 ന് ആണ് മരിച്ചത്. അടിയന്തിര ശസ്ത്രക്രിയക്ക് അഞ്ചു ലക്ഷം വേണ്ടിടത്ത് ബാങ്ക് പല തവണയായി നല്‍കിയത് ഒരുലക്ഷത്തി തൊണ്ണൂറായിരം രൂപ മാത്രമായിരുന്നുവെന്ന് കുടുബം പറയുന്നു.14 ലക്ഷം രൂപയാണ് ശശിയുടെയും അമ്മയുടെയും പേരില്‍ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്നത്. ഈ പണം തിരികെ കിട്ടിയിരുന്നെങ്കിൽ ചികിത്സ നടത്താമായിരുന്നുവെന്ന് കുടുംബം പറയുന്നു.

ഞരമ്പിന് പ്രശ്നമുള്ളതിനാൽ ശശിക്ക് കൈക്കും കാലിനും സ്വാധീനമുണ്ടായിരുന്നില്ല . ഇതിന്റെ ചികിത്സ നടക്കുകയായിരുന്നു. അതിനിടെ പെട്ടന്ന് രക്തസമ്മർദ്ദം കൂടി. ആശുപത്രിയിലെത്തിച്ചപ്പോൾ ഉടൻ ശസ്ത്രക്രിയ വേണമെന്ന് ആവശ്യപ്പെട്ടു. ബാങ്കിലെ സെക്രട്ടറിയെ വിളിച്ച് പണം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ 9000 രൂപ തരാനേ കഴിയുവെന്നും മറ്റൊരു മാർഗവുമില്ലെന്നുമായിരുന്നു മറുപടി. ഒടുവിൽ വാർഡ് മെമ്പറടക്കം വിളിച്ചപ്പോൾ ഒരു ലക്ഷം കൊടുത്തു. ആകെ 1,90,000 രൂപയാണ് ഇതുവരെ ലഭിച്ചത്.

അമ്മയും സഹോദരനും രോഗബാധിതരായതോടെയാണ് ഉണ്ടായിരുന്ന സ്ഥലം വിറ്റ് പണം ബാങ്കിൽ നിക്ഷേപിച്ചത്. ബാങ്കിൽ നിന്നും ലഭിക്കുന്ന പലിശയിനത്തിൽ ലഭിക്കുന്ന പണം കൊണ്ട് ജിവിക്കാമെന്നായിരുന്നു പ്രതീക്ഷ. അതാണ് ഈ അവസ്ഥയിൽ അവസാനിച്ചതെന്ന് മരിച്ച ശശിയുടെ സഹോദരി പറയുന്നു. ശശിയുടെ ചികിത്സക്കായി പലയിടത്ത് നിന്നും കടം വാങ്ങി. ഇതെല്ലാം തിരികെ നൽകണമെങ്കിൽ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ കിട്ടണം.

Related Articles

Latest Articles