Monday, May 13, 2024
spot_img

90 കിലോ മയക്കുമരുന്നുമായി 14 പാകിസ്ഥാൻ പൗരന്മാർ ഗുജറാത്ത് തീരത്ത് പിടിയിൽ ! സംഘം വലയിലായത് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഗുജറാത്ത് ഭീകര വിരുദ്ധ സേനയും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ഗുജറാത്ത് ഭീകര വിരുദ്ധ സേനയും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ 90 കിലോയോളം മയക്കുമരുന്നുമായി 14 പാകിസ്ഥാൻ പൗരന്മാർ പിടിയിലായി. ഗുജറാത്ത് തീരത്ത് അന്താരാഷ്ട്ര സമുദ്രാതിർത്തി രേഖയ്ക്ക് സമീപത്തു നിന്നാണ് ഇവർ പിടിയിലായത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇൻ്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു.

ഫെബ്രുവരിയിൽ, എൻസിബിയും ഇന്ത്യൻ നാവികസേനയും ചേർന്ന് ഗുജറാത്ത് തീരത്ത് നിന്ന് 1000 കോടി രൂപ വിലമതിക്കുന്ന 3132 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയിരുന്നു. അഞ്ച് പേരാണ് അന്ന് പിടിയിലായത്. ഇവർ പാകിസ്ഥാൻ പൗരന്മാരോ ഇറാൻ പൗരന്മാരോ ആണെന്നാണ് സംശയിക്കുന്നത്.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇന്ത്യൻ നാവികസേനയുമായി ചേർന്ന് ഇന്ത്യൻ മഹാസമുദ്രത്തിൽ എൻസിബി മൂന്ന് പ്രധാന ഓപ്പറേഷനുകൾ നടത്തിയിട്ടുണ്ട് . 2022 ഫെബ്രുവരിയിൽ ഗുജറാത്ത് തീരത്ത് ഒരു കപ്പലിൽ നിന്ന് 221 കിലോ മെത്താംഫെറ്റാമൈൻ പിടിച്ചെടുത്തിരുന്നു . പിന്നാലെ അതേവർഷം ഒക്ടോബറിൽ കേരള തീരത്തിനടുത്തുള്ള ഒരു കപ്പലിൽ നിന്ന് 200 കിലോഗ്രാം ഹൈഗ്രേഡ് ഹെറോയിൻ പിടികൂടി. കഴിഞ്ഞ വർഷം മേയിൽ പാകിസ്ഥാനിൽ നിന്നുള്ള കപ്പലിൽ നിന്ന് 12000 കോടി രൂപ വിലമതിക്കുന്ന 2500 കിലോഗ്രാം മെത്താംഫെറ്റാമൈനും എൻസിബി പിടിച്ചെടുത്തിരുന്നു

Related Articles

Latest Articles