Tuesday, April 30, 2024
spot_img

വെറും സമുദായ നേതാവല്ല മന്നം; കേരളീയ നവോത്ഥാനത്തിന്റെ ശക്തിഗോപുരമായ മഹാത്മാവ്; ജനാധിപത്യത്തെ കൊന്നുതിന്നാൻ തുടങ്ങിയ ഇടത് സർക്കാരിനെ വലിച്ചു താഴെയിട്ട പോരാളി; കേരളത്തിലെ ഓരോ ഗ്രാമവും അഭിമാനപൂർവ്വം കൈവശം വയ്‌ക്കേണ്ടത് ആർഎസ്എസിന്റെ ഒരു ശാഖയാണെന്ന് പറഞ്ഞ ഭാരത കേസരിയുടെ സ്മരണയിൽ മലയാള നാട്

കേരളം ഭാരത കേസരി മന്നത്ത് പത്മനാഭനെ ഓർക്കുന്നത് കേവലം സമുദായ നേതാവായിട്ടല്ല മറിച്ച് കേരളീയ നവോത്ഥാനത്തിന്റെ ശക്തിഗോപുരമായ മഹാത്മാവായിട്ടാണ്. സനാതനമായ ഹൈന്ദവധര്‍മ്മം ജാതിയേയോ, ജാതി അടിസ്ഥാനമാക്കിയുള്ള ഉച്ചനീചത്വങ്ങളേയോ അംഗീകരിക്കുന്നില്ലെന്നും ഹൈന്ദവമതവിശ്വാസികള്‍ക്കുണ്ടായ സകല അധപ്പതനത്തിൻ്റെയും കാരണം ജാതിവ്യത്യാസമാണെന്നും ഉറക്കെപറഞ്ഞ സാമൂഹ്യ പരിഷ്ക്കർത്താവാണദ്ദേഹം. കേരളത്തിൽ നിലനിന്നിരുന്ന ജാതീയമായ ഉച്ചനീചത്വങ്ങളെയും ജനാധിപത്യ ധ്വംസനങ്ങളെയും അദ്ദേഹം ഒരുപോലെ എതിർത്തു. ഒരു മുന്നോക്ക വിഭാഗം നേതാവായിട്ടല്ല, സ്വയം ശുദ്ധീകരിക്കാനും നവോത്ഥാനത്തിന്റെ പാതയിൽ മുന്നേറാനുമുള്ള ഒരു സ്വമൂഹത്തിന്റെ ശ്രമങ്ങൾക്ക് എല്ലാവിധ പ്രേരണാ ശക്തിയും പകർന്നു നൽകിയ നേതാവാണദ്ദേഹം.

മുന്നാക്ക സമുദായത്തിൽ ഉള്ളവർക്ക് മാത്രമല്ല, പിന്നാക്ക സമുദായങ്ങളിൽ പെടുന്നവർക്കും അന്തസ്സോടെ ജീവിക്കാനും യഥേഷ്ടം സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് ഏതാണ്ട് നൂറുവർഷം മുൻപ് വൈക്കം മുതൽ തിരുവനന്തപുരം വരെ മുന്നാക്ക സമുദായക്കാരുടെ പദയാത്ര സംഘടിപ്പിച്ച നവോത്ഥാന നായകൻ മാത്രമല്ല, ഭരണഘടനയെ മാനിക്കാതെ തോന്നിയതുപോലെ പ്രവർത്തിച്ച ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ വലിച്ചു താഴെയിട്ട രാഷ്ട്രീയക്കാരനുമായിരുന്നു അദ്ദേഹം.ജനഹിതം ഉപയോഗിച്ച് തന്നിഷ്ടം നടപ്പിലാക്കാനാവില്ലെന്ന് സെൽ ഭരണത്തിന്റെ അപ്പസ്തോലന്മാരായ കമ്മ്യൂണിസ്റ്റുകാർക്ക് മുന്നറിയിപ്പ് നൽകിയ നേതാവ്. വിമോചന സമരത്തിന്റെ രണ്ടാം പകുതിയിൽ മന്നത്ത് പത്മനാഭന്റെ ശക്തമായ ഇടപെടലുകളിൽ കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ കീഴ്മേൽ മറിയുകയായിരുന്നു എന്നത് ചരിത്രം.

ജാതി പറഞ്ഞ് വിഘടിക്കാനല്ല ഹിന്ദുത്വത്തെ മുറുകെപ്പിടിച്ച് ഒന്നിക്കാനായിരുന്നു മന്നത്താചാര്യന്റെ സമൂഹത്തോടുള്ള ആഹ്വനം. പേരിനൊപ്പം ജാതിവാൽ ചേർക്കാതെ നവോത്ഥാനത്തിന്റെ പാത വെട്ടിത്തുറക്കുന്ന പ്രവൃത്തിയിൽ ആദർശം മുറുകെപ്പിടിച്ച വ്യക്തിത്വമാണദ്ദേഹം. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ രണ്ടാം സർസംഘ് ചാലക് ഗുരുജി ഗോൾവാൾക്കറുമായി ഊഷ്മള ബന്ധം പുലർത്തിയിരുന്നു അദ്ദേഹം. എൻ എസ് എസ് ആദ്യം സ്ഥാപിച്ച കോളേജിന് അദ്ദേഹം നൽകിയ പേര് ഹിന്ദു കോളേജ് എന്നായിരുന്നു. തിരുവനന്തപുരത്ത് നടന്ന ഒരു പരിപാടിയിൽ ഗുരുജിയെ സ്വീകരിച്ചുകൊണ്ട് മന്നം പറഞ്ഞത് “നമ്മുടെ ഹിന്ദു വംശത്തിന്റെ ശക്തിയുടെയും സംഘടനയുടെയും അഭാവത്തിനും അതിന്റെ അനന്തരഫലമായ ഭീരുത്വത്തിനും നികൃഷ്ടമായ അവസ്ഥയ്ക്കും ഫലപ്രദമായ ഒരേയൊരു പ്രതിവിധി ആർഎസ്എസ് മാത്രമാണ്. കേരളത്തിലെ ഓരോ ഗ്രാമവും അഭിമാനപൂർവ്വം കൈവശം വയ്‌ക്കേണ്ടത് ആർഎസ്എസിന്റെ ഒരു ശാഖയാണ്. എനിക്ക് ചെറുപ്പമായിരുന്നെങ്കിൽ ആർഎസ്എസിന്റെ ശാരീരിക പ്രവർത്തനങ്ങളിൽ പോലും ഞാൻ സന്തോഷത്തോടെ പങ്കെടുക്കുമായിരുന്നു” എന്നായിരുന്നു.

സർവ്വാദരണീയനായ സാമൂഹിക പരിഷ്‌കർത്താവും ഹിന്ദു നേതാവും പ്രതിലോമ ശക്തികൾക്കെതിരെ സധൈര്യം പോരാടിയ വിപ്ലവകാരിയുമായ ആചാര്യനെ കേവലം ജാതിയുടെ ബ്രാക്കറേറ്റുകളിലൊതുക്കാൻ നടക്കുന്ന ശ്രമങ്ങൾ എതിർക്കപ്പെടേണ്ടതാണ്. കേരള നവോത്ഥാനത്തിന്റെ ചരിത്രവഴികളിൽ മന്നത്തിനെ പാർശ്വവൽക്കരിക്കാനുള്ള ഇടത് നീക്കങ്ങളെയും കേരളം ശക്തമായി പ്രതിരോധിക്കണം.

Related Articles

Latest Articles