Tuesday, November 10, 2026

വീട് നിറയെ നോട്ടുകെട്ടുകൾ ! ജാർഖണ്ഡ് മൈനിങ് സെക്രട്ടറി പൂജാ സിംഗാൾ അഴിമതി കഥകളിലെ സ്ഥിരം സാന്നിധ്യം; സർവീസ് കാലാവധിയിലുടനീളം വൻ അഴിമതി ആരോപണങ്ങൾ; പിടിച്ചെടുത്തത് 19 കോടിയോളം വരുന്ന നോട്ടുകെട്ടുകൾ

ജാർഖണ്ഡ് മൈനിങ് സെക്രട്ടറി പൂജാ സിംഗാളിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റ് സുമൻ കുമാറിന്റെ വീട്ടിൽ നടന്ന റെയ്‌ഡിൽ 19.31 കോടിരൂപയും ചില രേഖകളും പിടിച്ചെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പിന്റെ അന്വേഷണത്തിലാണ് സംസ്ഥാനത്ത് 18 കേന്ദ്രങ്ങളിൽ ഇ.ഡി ഒരേ സമയം റെയ്ഡുകൾ നടത്തിയത്. ചാർട്ടേർഡ് അക്കൗണ്ടന്റ് സുമൻ കുമാറാണ് പൂജാ സിംഗാളിന്റെയും ഭർത്താവിന്റെയും അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത്. റാഞ്ചി, ചണ്ഡീഗഡ്, നോയിഡ, മുംബൈ, കൊൽക്കത്ത, മുസാഫർപൂർ, സഹർസ ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലുൾപ്പെടെ റെയ്‌ഡ്‌ നടന്നിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ആരംഭിച്ച റെയ്ഡ് രാത്രി എട്ടുവരെ തുടർന്നു. പണം പിടിച്ചെടുത്തതിന് പിന്നാലെ സുമൻ കുമാറിന്റെ മൊഴിയും ഇഡി രേഖപ്പെടുത്തിയിരുന്നു. പിടിച്ചെടുത്ത പണം എണ്ണാൻ ബാങ്ക് അധികൃതരുടെയും കറൻസി എണ്ണുന്ന യന്ത്രത്തിന്റെയും സഹായം തേടേണ്ടി വന്നു.

2000 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ പൂജ സിംഗാളിനെ നേരത്തെ ഖുന്തി ജില്ലയിൽ ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചിരുന്നു. ഛത്ര, ഖുന്തി, പലാമു ജില്ലകളിൽ ഡെപ്യൂട്ടികമ്മീഷണറായിരിക്കെ പൂജക്കെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നിരുന്നു. പലാമുവിലെ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ പൂജാ സിംഗാൾ 83 ഏക്കർ ഭൂമി ഖനനത്തിനായി സ്വകാര്യ കമ്പനിക്ക് കൈമാറിയെന്നായിരുന്നു ആരോപണം. റാഞ്ചിയിലെ പൾസ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടർ അഭിഷേക് ഝായാണ് ഭർത്താവ്.ഐഎഎസ് ഉദ്യോഗസ്ഥൻ രാഹുൽ പുർവാറിനെ വിവാഹമോചനം ചെയ്ത ശേഷമായിരുന്നു പൂജ അഭിഷേക് ഝായെ വിവാഹം കഴിച്ചത്. പൾസ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഡയറക്ടർമാരിലൊരാളായ പൂജാ സിംഗാളിന്റെ സഹോദരൻ സിദ്ധാർത്ഥ് സിംഗാളും എംഎൻആർഇജിഎ ഫണ്ട് അപഹരിച്ച കേസിൽ ഇഡിയുടെ നിരീക്ഷണത്തിലാണ്.

സമീപകാലത്തെ ഇഡിയുടെ വമ്പൻ കള്ളപ്പണ വേട്ടയാണിത്. 2008-2011 കാലത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് 18 കോടി വെട്ടിച്ച കേസിൽ കുന്തീ ജില്ലയിലെ ഒരു ജൂനിയർ എഞ്ചിനീയറെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. അക്കാലത്ത് ജില്ലാ കളക്ടറായിരുന്ന പൂജാ സിംഗാളിനും പങ്കുണ്ടെന്നായിരുന്നു പ്രതിയുടെ വെളിപ്പെടുത്തൽ. ആ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ റെയ്ഡെന്ന് ഇഡി പറയുന്നു. പഞ്ചാബ്, ബീഹാർ, മഹാരാഷ്ട്ര, ബംഗാൾ, ജാർഖണ്ഡ് അങ്ങനെ അഞ്ച് സംസ്ഥാനങ്ങളിൽ ഒരേ സമയം റെയ്ഡ് നടന്നു.

Related Articles

Latest Articles