Sunday, June 16, 2024
spot_img

കണ്മുന്നിൽ രണ്ട് മക്കൾ മുങ്ങിത്താണ് മരിച്ച കാഴ്ചയിൽ ഹൃദയം നുറുങ്ങി അച്ഛൻ ആത്മഹത്യചെയ്തു; നൊമ്പരങ്ങളുമായി അമ്മ മാത്രം ബാക്കിയായി

ചെന്നൈ: മക്കളുടെ മരണം കണ്‍മുന്നില്‍ കാണേണ്ടി വന്ന അച്ഛന്‍ ഹൃദയം തകർന്ന് ജീവനൊടുക്കി. ക്ഷേത്രക്കുളത്തില്‍ മക്കള്‍ മുങ്ങി മരിക്കുന്നത് കണ്ട് നില്‍ക്കേണ്ടി വന്ന് പിതാവ് മക്കളുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചതിന് പിന്നാലെ ജീവനൊടുക്കുകയായിരുന്നു. വെല്ലൂര്‍ ആമ്പൂരിലെ കുന്നിന്‍ മുകളിലെ ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥിക്ക് എത്തിയ ലോകേശ്വരന്റെയും മീനാക്ഷിയുടെയും മക്കളായ ജസ്വന്ത്(8) ഹരിപ്രിയ(6) എന്നിവരാണ് മരിച്ചത്.

കൈലാസഗിരി കുന്നിലെ മുരുകന്‍ കോവിലെ കുളത്തിലാണു ദുരന്തമുണ്ടായത്. അമ്മ ക്ഷേത്രത്തിലെ പൂജകളില്‍ പങ്കെടുക്കുന്നതിനിടെ അച്ഛനും മക്കളും കുളത്തിന്റെ കരയില്‍ വിശ്രമിക്കുകയായിരുന്നു. അതിനിടെ ഹരിപ്രീത കുളത്തിലേക്കു കാല്‍വഴുതി വീണു. സഹോദരിയെ രക്ഷിക്കാനായി ജസ്വന്തും എടുത്തുചാടി. ഇരുവരെയും രക്ഷിക്കാന്‍ അച്ഛന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുട്ടികള്‍ കുളത്തില്‍ മുങ്ങി താഴുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം അഗ്നിരക്ഷാ സേന എത്തിയാണ് കുട്ടികളെ പുറത്തെടുത്തത്. കുന്നിന്‍ മുകളില്‍ നിന്നും രണ്ട് കിലോ മീറ്ററോളം പോലീസ് ഉദ്യോഗസ്ഥര്‍ കുട്ടികളുടെ ശരീരം തോളിലേറ്റി നടന്നു. മാതാപിതാക്കള്‍ ഇവര്‍ക്ക് പിന്നാലെയും.

പിറ്റേന്ന് രാവിലെ ലോകേശ്വരും മീനാക്ഷിയും പോയത് റെയില്‍വേ സ്റ്റേഷനിലേക്ക് ആയിരുന്നു. പ്ലാറ്റിഫോമിലെ കടയില്‍ നിന്നും ജ്യൂസ് വാങ്ങി അതില്‍ കീടനാശിനി കലര്‍ത്തി കുടിച്ചു. ബാക്കി ഉണ്ടായിരുന്നത് കഴിക്കാന്‍ ശ്രമിച്ച ഭാര്യയെ അതിന് അനുവദിക്കാതെ തള്ളി താഴെയിട്ട് ലോകേശ്വര്‍ കുഴഞ്ഞുവീണു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരണം സംഭവിച്ചിരുന്നു.

Related Articles

Latest Articles