Thursday, May 2, 2024
spot_img

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ഒരു കുരുന്ന്; പുതുജീവന്‍ നല്‍കിയത് അഞ്ചുപേര്‍ക്ക്

ദില്ലി: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി 20 മാസം മാത്രം പ്രായമുള്ള ധനിഷ്ത എന്ന പെൺകുഞ്ഞ്. അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്‍കിയാണ് ധനിഷ്ത ഈ ലോകത്തോട് വിട പറഞ്ഞത്. ദില്ലി രോഹിണി സ്വദേശികളായ അനീഷ് കുമാര്‍-ബബിത ദമ്പതികളുടെ മകളാണ് ധനിഷ്ത. വീടിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് കളിച്ചു കൊണ്ടിരിയ്‌ക്കെ താഴേക്ക് വീണ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാന്‍ സാധിച്ചില്ല. ജനുവരി എട്ടിന് ആശുപത്രിയില്‍ പ്രവേശിച്ച കുട്ടിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി പതിനൊന്നാം തീയതി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുട്ടിയുടെ മറ്റ് അവയവങ്ങള്‍ക്കൊന്നും യാതൊരു പ്രശ്‌നവും ഇല്ലെന്ന് കണ്ടതോടെ ദില്ലിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അവയവദാനത്തിലുള്ള സാധ്യത തേടുകയായിരുന്നു. ധനിഷ്തയുടെ മാതാപിതാക്കളുടെ സമ്മതമായിരുന്നു വേണ്ടിയിരുന്നത്.

എന്നാല്‍ മകളെ നഷ്ടപ്പെട്ട വിഷമത്തിനിടയിലും മകളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ധനിഷ്തയുടെ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു.
”ആശുപത്രിയില്‍ കഴിയുന്നതിനിടെ, അവയവങ്ങള്‍ ആവശ്യമുള്ള നിരവധി രോഗികളെ ഞങ്ങള്‍ കണ്ടുമുട്ടി. ഞങ്ങള്‍ക്ക് മകളെ നഷ്ടപ്പെട്ടുവെങ്കിലും അവള്‍ ജീവിയ്ക്കുന്നത് തുടരുകയാണ്, ജീവന്‍ നല്‍കുകയോ അല്ലെങ്കില്‍ ആവശ്യമുള്ള രോഗികളുടെ ജീവിത നിലവാരം ഉയര്‍ത്തുകയോ ചെയ്യുന്നു.” – ധനിഷ്തയുടെ പിതാവ് ആശിഷ് കുമാര്‍ പറഞ്ഞു. ധനിഷ്തയുടെ ഹൃദയം, വൃക്കകള്‍, കരള്‍, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്തത്. കോര്‍ണിയ ഒഴികെയുള്ള അവയവങ്ങളെല്ലാം ഇതിനോടകം തന്നെ സ്വീകര്‍ത്താക്കളില്‍ എത്തിക്കഴിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Related Articles

Latest Articles