Sunday, May 19, 2024
spot_img

സിപിഎം ക്രൂരതയ്ക്ക് 25 വര്‍ഷം: ഇന്ന് പരുമല സ്മൃതി ദിനം

മാന്നാര്‍: പരുമല ദേവസ്വം ബോര്‍ഡ് പമ്പാ കോളേജില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകരെ വെള്ളത്തില്‍ മുക്കിക്കൊന്ന ദാരുണ സംഭവത്തിന് ഇന്ന് 25 വര്‍ഷം പൂര്‍ത്തിയാകുന്നു. 1996 സെപ്റ്റംബര്‍ 17നാണ് ദേശീയതയുടെ ആദര്‍ശത്തില്‍ വിശ്വസിച്ചതിന്റെ പേരില്‍ അനു,കിം കരുണാകരന്‍,സുജിത്ത് എന്നീ മൂന്ന് എബിവിപി പ്രവര്‍ത്തകരെ സിപിഎം-ഡിവൈഎഫ്‌ഐ കാപാലികര്‍ പമ്പയാറ്റില്‍ മുക്കിക്കൊന്നത്.
മാന്നാര്‍ ആലുംമൂട് കിം കോട്ടേജില്‍ പരേതരായ കരുണാകരന്‍-ലീലാമ്മ ദമ്പതികളുടെ ഏക മകന്‍ കിം കരുണാകരന്‍ (17),കുട്ടംമ്പേരൂര്‍ ഇന്ദിരാലയത്തില്‍ ശശിധരന്‍ നായര്‍-ഇന്ദിര ദമ്പതികളുടെ ഏക മകന്‍ പി.എസ്. അനു (20), ചെട്ടികുളങ്ങര കണ്ണമംഗലം ശാരദാ ഭവനം ശിവദാസന്‍ നായരുടെയും പരേതയായ ശാരദയുടേയും മകന്‍ സുജിത്ത് (17) എന്നിവരാണ് സിപിഎം-ഡിവൈഎഫ്‌ഐ ഗുണ്ടകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

പുറമെ നിന്നുള്ള ഗുണ്ടകളുടെ നേതൃത്വത്തില്‍ കോളേജില്‍ കയറി നടത്തിയ ആക്രമണത്തില്‍നിന്നു രക്ഷനേടുന്നതിനു പ്രാണരക്ഷാര്‍ത്ഥം കോളേജിനു സമീപത്തുകൂടി ഒഴുകുന്ന പമ്പാ നദിയിലേക്കു ചാടിയ ഇവരെ ചവിട്ടിയും കല്ലെറിഞ്ഞും വെള്ളത്തില്‍ താഴ്ത്തി കൊല്ലുകയായിരുന്നു. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തിലെ പ്രതികളെ തെളിവുകള്‍ നശിപ്പിച്ച് രക്ഷപെടുത്തുകയാണ് ഭരണസാരഥ്യം പേറിയിരുന്നവര്‍ ചെയ്തത്. നീതിദേവതയ്ക്ക് പോലും കണ്ണ് കെട്ടേണ്ടിവന്ന അരുംകൊലയായിരുന്നു അന്ന് നടന്നത്.

കൊലയാളികളെ പിടിക്കുന്നതിനു പകരം കൊല്ലപ്പെട്ടവരെ മോശമായി ചിത്രീകരിക്കാനാണ് നിയമപാലകരും ഇവരെ നയിക്കുന്നവരും ചെയ്തത്. ഇതിന്‍റെ ഫലമായി ഈ നരമേധത്തിനു നേതൃത്വം കൊടുത്തവരും നടത്തിയവരും ഇന്നും അക്രമപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി പരുമലയിലും പരിസരപ്രദേശങ്ങളിലും സസുഖം വാഴുന്നു. ചിലര്‍ വിദേശത്തേക്കും കടന്നു. ഭരണസ്വാധീനത്തില്‍ തെളിവുകള്‍ നശിപ്പിച്ച് പ്രതികളെ രക്ഷപെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഇപ്പോഴും ശക്തമാണ്.

Related Articles

Latest Articles