Sunday, May 5, 2024
spot_img

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരുമിച്ച് പോരാടണം; ഭീകരവാദവും തീവ്രവാദ നിലപാടുകളും ആഗോളസമാധാനത്തിന് ഭീഷണി; ഷാങ്ഹായ് ഉച്ചക്കോടിയിൽ മോദി

ദില്ലി: വർദ്ധിച്ചുവരുന്ന ഭീകരവാദവും തീവ്രവാദ നിലപാടുകളും ആഗോളസമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാങ്‌ഹായ് സഹകരണ ഓർഗനൈസേഷൻ (എസ്‌സിഒ) വെർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകതയെ നേരിടാൻ ആദ്യം വേണ്ടത് പരസ്പ്പരം അതിർത്തികളെ ബഹുമാനിക്കാനുള്ള മനസ്സാണെന്ന് നരേന്ദ്രമോദി പറഞ്ഞു.

രാജ്യങ്ങൾ തമ്മിലുള്ള ബന്ധം, വിശ്വാസം എന്നീ വിഷയങ്ങളിൽ ഒരുമിച്ച് മുന്നോട്ട് പോകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് പാകിസ്താനും ചൈനയും ഉൾപ്പെടുന്ന എസ്ഇഒ സംഘത്തോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രാദേശിക സ്ഥിരതയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ അദ്ദേഹം യോഗത്തിൽ പങ്കുവെച്ചു. തീവ്രവാദത്തിനെതിരെ പോരാടാൻ ഇസ്ളാമിക പാരമ്പര്യമുള‌ള, സഹിഷ്‌ണുതയുള‌ള സ്ഥാപനങ്ങളുമായി ഒരു ശക്തമായ ബന്ധം സ്ഥാപിക്കണമെന്നും വിവിധ രാജ്യതലവന്മാരോട് യോഗത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഒരു കാലഘട്ടത്തിൽ പരസ്പര സഹിഷ്ണുതയുടേയും സമാധാനത്തിന്റേയും ഉദാത്ത മാതൃകയായിരുന്ന സൂഫി പാരമ്പര്യം. അത്തരം വിശാലത വളർന്നുവികസിച്ച പ്രദേശം എങ്ങനെ വിഘടനവാദികളുടെ കയ്യിലായെന്ന് എല്ലാവരും ചിന്തിക്കണമെന്നും നരേന്ദ്രമോദി പറഞ്ഞു. മദ്ധ്യേഷ്യൻ രാജ്യങ്ങളുമായി ബന്ധം വർദ്ധിപ്പിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും കരയാൽ ബന്ധപ്പെട്ട് കിടക്കുന്ന ഏഷ്യൻ രാജ്യങ്ങൾക്ക് ഇന്ത്യയുടെ വിശാലമായ വിപണിയെ ബന്ധപ്പെടുക വഴി ഗുണമുണ്ടാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

‘അഫ്ഗാനിസ്ഥാനിൽ എന്താണ് നടക്കുന്നതെന്ന് നമുക്ക് അറിയാം. എസ്‌സി‌ഒ അംഗങ്ങൾ എന്ന നിലയിൽ ഭീകരവാദവും തീവ്രവാദനിലപാടുകളും വർധിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ആവശ്യമാണ്. ഒരു കാലത്ത് സമാധാനത്തിന്റെയും സമൃദ്ധിയുടെയും നാടായിരുന്നു അഫ്ഗാനിസ്ഥാൻ. സമാധാനത്തിന്റെയും ഐക്യത്തിന്റെയും പുരാതന വേരുകളുമായി രാജ്യത്തിന് ബന്ധിപ്പിക്കാൻ കഴിയുമെന്ന് നാം ഉറപ്പാക്കണം’ അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്‌സിഒയില്‍ പുതിയ അംഗമായ ഇറാനെ യോഗത്തിലേക്ക് സ്വാഗതം ചെയ്യാനും പ്രധാനമന്ത്രി മറന്നില്ല. പുതിയ സഖ്യരാജ്യങ്ങളായ സൗദി അറേബ്യ, ഈജിപ്‌റ്റ്, ഖത്തര്‍ എന്നീ രാജ്യങ്ങളെയും പ്രധാനമന്ത്രി സ്വാഗതം ചെയ്‌തു. ഉച്ചകോടിക്കിടെ ചൈനീസ് വിദേശകാര്യമന്ത്രി വാങ്യിയെ വിദേശകാര്യമന്ത്രിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തി. അതിർത്തിയിലെ തർക്കം നീട്ടിക്കൊണ്ടു പോകുന്നത് രണ്ടു രാജ്യങ്ങൾക്കുമിടയിലെ ബന്ധത്തെ കാര്യമായി ബാധിക്കുമെന്നും പാകിസ്ഥാനുമായുളള ബന്ധത്തിനറെ കണ്ണിലൂടെ ഇന്ത്യയുമായുള്ള സഹകരണത്തെ കാണരുതെന്നും ചൈനീസ് വിദേശകാര്യമന്ത്രിയോട് ചർച്ചയിൽ എസ്.ജയശങ്കർ വ്യക്തമാക്കി.

Related Articles

Latest Articles