ഇടുക്കി: തീവ്രവാദ സംഘടനകൾക്ക് വേണ്ടി രഹസ്യങ്ങൾ ചോർത്തി നൽകിയെന്ന ആരോപണത്തിൽ പോലീസുകാരുടെ ഫോണുകൾ അന്വേഷണ സംഘം പിടിച്ചെടുത്തു. മൂന്നാര്‍ സ്റ്റേഷനിലെ മൂന്ന് പോലീസുകാരുടെ ഫോണുകളാണ് ഡി വൈ എസ് പി കെ ആര്‍ മനോജ് പിടിച്ചെടുത്തത്. സ്റ്റേഷനിലെ പ്രധാന രേഖകള്‍ കൈകാര്യം ചെയ്യുന്ന ഡേറ്റാ ഓപ്പറേറ്റര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥന്റെയും മറ്റു രണ്ടുപേരുടെയും ഫോണുകളാണ് അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്തത്.
ഇവർ പോലീസ് സ്റ്റേഷനിലുള്ള കംപ്യൂട്ടറില്‍ നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്തി നല്കുകയായിരുന്നുവെന്നാണ് ആരോപണം. നിലവിൽ പിടിച്ചെടുത്ത ഇവരുടെ ഫോണുകൾ വിശദമായ പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറിയിരിക്കുകയാണ്.
സ്റ്റേഷനിലെ കംപ്യൂട്ടറില്‍നിന്ന് രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ തീവ്രവാദ സംഘടനകള്‍ക്ക് ചോര്‍ത്തി നൽകിയെന്ന് രഹസ്യന്വേഷണ വിഭാഗങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ നടപടിയെടുത്തത്. ഫോണിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും പോലീസുകാർക്കെതിരായ തുടർ നടപടികൾ.

