Friday, May 10, 2024
spot_img

അയോദ്ധ്യ രാമക്ഷേത്രത്തിലെ പൂജാരി സ്ഥാനത്തേക്ക് അപേക്ഷ അയച്ചത് 3000 പേർ, 200 പേരുടെ ചുരുക്ക പട്ടിക തയ്യാര്‍; അഭിമുഖം നടക്കുന്നത് വിശ്വഹിന്ദു പരിഷത്ത് ആസ്ഥാനത്ത്

അയോദ്ധ്യ: രാമക്ഷേത്രത്തിലെ പൂജാരി സ്ഥാനത്തേക്ക് 3000 അപേക്ഷകള്‍ ലഭിച്ചു. റാം മന്ദിർ തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. അപേക്ഷകരിൽ നിന്നും യോഗ്യതാ മാനദണ്ഡങ്ങൾ അനുസരിച്ച് 200 പേരുടെ ചുരുക്ക പട്ടിക തയ്യാറാക്കി അഭിമുഖത്തിന് ക്ഷണിച്ചെന്നും ട്രസ്റ്റ് അറിയിച്ചു.

അയോദ്ധ്യയിലെ വിശ്വഹിന്ദു പരിഷത്ത് ആസ്ഥാനമായ കർസേവകപുരത്ത് വെച്ചായിരിക്കും അഭിമുഖം നടക്കുക. വൃന്ദാവനത്തിൽ നിന്നുള്ള ഹിന്ദു മതാചാര്യനായ ജയകാന്ത് മിശ്ര, അയോദ്ധ്യയിൽ നിന്നുമുള്ള ആചാര്യന്മാരായ മിഥിലേഷ് നന്ദിനി ശരൺ, സത്യനാരായണ ദാസ് എന്നിവർ അടങ്ങുന്ന മൂന്നംഗ പാനൽ ആണ് അഭിമുഖം നടത്തുക. 20 പേർക്കായിരിക്കും നിയമനം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറ് മാസത്തെ പരിശീലനം ഉണ്ടാകും. പരിശീലനത്തിന് ശേഷം വിവിധ തസ്തികകളിലായി നിയമനങ്ങൾ നൽകും. അഭിമുഖത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പരിശീലനത്തിൽ പങ്കെടുക്കാൻ അവസരം നൽകുമെന്ന് ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ദേവ് ഗിരി അറിയിച്ചു. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഭാവിയിലെ നിയമനങ്ങളിൽ മുൻഗണന നൽകും.

സന്ധ്യാ വന്ദനം, ആരാധനാ പദ്ധതികൾ, മന്ത്രങ്ങൾ തുടങ്ങി ക്ഷേത്രാചാരങ്ങൾ, രാമായണം എന്നിവയെ ആസ്പദമാക്കി നിരവധി ചോദ്യങ്ങൾ ഉണ്ടാകുമെന്ന് ട്രസ്റ്റ് അറിയിച്ചു. ആചാര്യന്മാർ തയ്യാറാക്കുന്ന മതകാര്യ പാഠ്യപദ്ധതി അടിസ്ഥാനമാക്കിയാകും പരിശീലനം. പരിശീലന കാലയളവിൽ പഠിതാക്കൾക്ക് സൗജന്യ താമസവും ഭക്ഷണവും 2,000 രൂപ ധനസഹായവും ലഭിക്കും.

Related Articles

Latest Articles