Wednesday, May 15, 2024
spot_img

മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം; പള്ളിയോട കരകളിലൂടെ ജ്യോതി പ്രയാണ യാത്രയും വിഭവ സമാഹരണ യജ്ഞവും സമാപിച്ചു

മെയ് 10 മുതൽ 17 വരെ തിരുവാറന്മുള ശ്രീ പാർത്ഥസാരഥി മഹാക്ഷേത്ര സന്നിധിയിൽ അരങ്ങേറുന്ന മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന് മുന്നോടിയായി ഏപ്രിൽ 27 മുതൽ മൂന്ന് ദിവസം നീണ്ടുനിന്ന 52 പള്ളിയോട കരകളിലൂടെയുള്ള ജ്യോതി പ്രയാണ യാത്രയും വിഭവസമാഹരണ യജ്ഞവും സമാപിച്ചു.

സത്രത്തിന്റെ പ്രചരണാർത്ഥം നടത്തിയ ജ്യോതി പ്രയാണ യാത്രയുടെ ഉദ്ഘാടനം 27ന് രാവിലെ തിരുവാറന്മുള ക്ഷേത്രതിരുനടയിൽ നിന്നും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് നിർവഹിച്ചു. മല്ലപ്പുഴശ്ശേരി കരയിൽ നിന്നും തുടങ്ങിയ സ്വീകരണത്തോടെ ആരംഭിച്ച ആദ്യ ദിന യാത്ര വൈകുന്നേരം 6ന് ചിറയിറമ്പ് കരയിൽ ലഭിച്ച സ്വീകരണത്തോടെയാണ് സമാപിച്ചത്.

രണ്ടാം ദിനം രാവിലെ എട്ടുമണിക്ക് കീഴ്ച്ചേരിമേൽ കരയിൽ നിന്നും തുടങ്ങിയ യാത്രയുടെ ഉദ്‌ഘാടനം പള്ളിയോട സേവാ സംഘം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ കെ ജി കർത്ത നിർവഹിച്ചു. വൈകുന്നേരം 6.30ന് മുണ്ടങ്കാവിൽ യാത്ര സമാപിച്ചു.

മൂന്നാം ദിനമായ ഇന്നലെ രാവിലെ തോട്ടപ്പുഴശ്ശേരി കരയിൽ നിന്നും തുടങ്ങിയ യാത്രയുടെ ഉദ്ഘാടനം പള്ളിയോട സേവാസംഘം സെക്രട്ടറി ശ്രീ ആർ. പാർത്ഥസാരഥി പിള്ള നിർവഹിച്ചു. യാത്ര വൈകുന്നേരം 5 30ന് ഇടശ്ശേരിമല കിഴക്ക് കരയിലെ സ്വീകരണത്തോടെ ആറന്മുളയിൽ സമാപിച്ചു.

ഭക്തിനിർഭരമായ സ്വീകരണവും ദേശദേവന്റെ സന്നിധിയിൽ അരങ്ങേറുന്ന സത്രത്തിന് ആവശ്യമായ വിഭവങ്ങളും ഇതോടൊപ്പം എല്ലാ കരകളിൽ നിന്നും സ്വീകരിച്ചു. പള്ളിയോട സേവാ സംഘത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ജ്യോതി പ്രയാണ യാത്രയിൽ ഫോക് ലോർ അക്കാദമി ചെയർമാൻ ഒ. എസ്. ഉണ്ണികൃഷ്ണൻ, സത്ര സമിതി ചെയർമാൻ അഡ്വ. ബി രാധാകൃഷ്ണ മേനോൻ, എ. പദ്മകുമാർ Ex. MLA, ജനറൽ കൺവീനർ കെ ബി സുധീർ, കൺവീനർ കെ ആർ രാജേഷ്, പള്ളിയോട സേവാ സംഘം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശശി കുമാർ, ചന്ദ്രശേഖരൻ നായർ, ഗീതാകൃഷ്ണൻ, സി. ജി. പ്രദീപ്, കോർഡിനേറ്റർമാരായ അരുൺ എസ് നായർ, ശരത് പുന്നംതോട്ടം, അഖിൽരാജ്,അനിൽ കുമാർ, മനു, മനോജ്‌ കുമാർ, ജയകുമാർ, മറ്റ് സത്ര സമിതി ഭാരവാഹികൾ, പള്ളിയോട സേവാ സംഘം ഭാരവാഹികൾ, കരനാഥന്മാർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

സ്വീകരണം നൽകിയ ദേശദേവന്റെ പള്ളിയോട കരകൾക്കും അതിന് അതത് കരകളിൽ നേതൃത്വം നൽകിയ എല്ലാ മഹത് വ്യക്തികൾക്കും ഉച്ചഭക്ഷണം ക്രമീകരിച്ച കോറ്റാത്തൂർ, വെൺപാല, പുതുക്കുളങ്ങര കരയിലെ കരനാഥന്മാർക്കും സത്രസമിതി നന്ദിയറിച്ചു.

Related Articles

Latest Articles