Thursday, May 2, 2024
spot_img

‘6-8 ആഴ്ചകൾക്കുള്ളിൽ സ്റ്റാർഷിപ് വീണ്ടും വിക്ഷേപിക്കും’; പ്രത്യാശ പങ്കുവച്ച് ഇലോൺ മസ്‌ക്

ടെക്സസ് : ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റെന്ന ഖ്യാതിയുമായി സ്റ്റാർഷിപ് 6 -8 ആഴ്ചകൾക്കുള്ളിൽ വീണ്ടും വിക്ഷേപിക്കാൻ സാധിച്ചേക്കുമെന്ന പ്രത്യാശ പങ്ക് വച്ച് സ്‌പേസ്എക്‌സ് സിഇഒ ഇലോൺ മസ്‌ക്. നേരത്തെ ഏപ്രിൽ 20ന് ടെക്‌സസിൽ നടത്തിയ ആദ്യ പരീക്ഷണ വിക്ഷേപണത്തിൽ സ്റ്റാർഷിപ് റോക്കറ്റ് പൊട്ടിത്തെറിക്കുകയും പരീക്ഷണം പരാജയപ്പെടുകയും ചെയ്തിരുന്നു. എന്നാൽ വിക്ഷേപണത്തറയിൽ നിന്ന് റോക്കറ്റ് കുതിച്ചുയർന്നു എന്നതിനാൽ പരീക്ഷണം പൂർണമായും പരാജയപ്പെട്ടു എന്ന് പറയാൻ സാധിക്കില്ല എന്നായിരുന്നു മസ്കിന്റെ പ്രതികരണം.

‘‘സ്റ്റാർഷിപ്പിന്റെ ഘടന മികച്ചതാണ്. തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഫ്ലൈറ്റ് ടെർമിനേഷൻ എന്ന സെൽഫ് ഡിസ്ട്രക്റ്റ് മെക്കാനിസം പ്രവർത്തനക്ഷമമായതാണ് അപകടത്തിനു കാരണം. വിക്ഷേപണം 6 മുതൽ 8 ആഴ്ചകൾക്കുള്ളിൽ നടക്കും’’ – മസക് പറഞ്ഞു . അതേസമയം, നേരത്തെ ഉണ്ടായ പൊട്ടിത്തെറിയിൽ അന്വേഷണം പൂർത്തിയാകുന്നത് വരെ, മറ്റൊരു സ്റ്റാർഷിപ് വിക്ഷേപണത്തിന് സ്‌പേസ് എക്‌സിന് അനുവാദം നൽകില്ലെന്നാണ് ഫെഡറൽ ഏവിയേഷൻ അതോറിറ്റി പറയുന്നത്.

ടെക്സസിലെ ബോക്ക ചിക്കയിലുള്ള സ്പേസ്എക്സ് കേന്ദ്രത്തിൽനിന്നു ആദ്യ പരീക്ഷണ വിക്ഷേപണത്തിൽ കുതിച്ചുയർന്ന റോക്കറ്റ് 4 മിനിറ്റിനുശേഷം ആകാശത്ത് പൊട്ടിത്തെറിച്ച് അഗ്നിഗോളമായി മാറിയിരുന്നു. ആ സമയം കൊണ്ട് റോക്കറ്റ് 32 കിലോമീറ്ററോളം ഉയരത്തിലെത്തിയിരുന്നു. നേരത്തെ നിശ്ചയിച്ചതനുസരിച്ച് സ്റ്റാർഷിപ് പേടകം സൂപ്പർഹെവി റോക്കറ്റിൽനിന്നു വേർപെടേണ്ടിയിരുന്നെങ്കിലും അതു നടന്നില്ല. പൊട്ടിത്തെറിച്ച റോക്കറ്റ് മെക്സിക്കോ ഉൾക്കടലിൽ പതിക്കുകയുമായിരുന്നു. മനുഷ്യർക്കു പുറമേ ഉപഗ്രഹങ്ങളും ടെലിസ്കോപ്പുകളും ചന്ദ്രനിലും ചൊവ്വയിലും എത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സ്റ്റാർഷിപ് ദൗത്യം.

Related Articles

Latest Articles