Tuesday, May 21, 2024
spot_img

പക്ഷിപ്പനിയെത്തുടർന്ന് സംസ്ഥാനത്ത് കൊന്നൊടുക്കിയത് 74,297 പക്ഷികളെ; 4 കോടി രൂപ നഷ്ടപരിഹാരം നൽകിയെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

തിരുവനന്തപുരം : പക്ഷിപ്പനി പടർന്ന തിരുവനന്തപുരത്തെ അഴൂര്‍ പഞ്ചായത്തില്‍ അതി ജാഗ്രതയിൽ മൃഗസംരക്ഷണ വകുപ്പ്. പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രമായ അഴൂര്‍ പഞ്ചായത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മൂവായിരത്തോളം കോഴികള്‍, താറാവുകള്‍, വളർത്തു പക്ഷികൾ എന്നിവയെ കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗരേഖ പ്രകാരം കൊന്നു തുടങ്ങി .

ഇറച്ചി, മുട്ട, വളം എന്നിവയുടെ വിൽപന നിരോധിച്ചു. അഴൂര്‍ പഞ്ചായത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ കോഴികള്‍, താറാവുകള്‍, വളർത്തു പക്ഷികൾ എന്നിവയുടെ കടത്ത്, വിൽപന, കൈമാറ്റം എന്നിവയും ജില്ലാ കലക്ടര്‍ നിരോധിച്ചു.

പക്ഷിപ്പനി മൂലം കേരളത്തിൽ ഇതിനകം ചത്തതും കൊന്നൊടുക്കിയതുമായ പക്ഷികള്‍ക്കും നശിപ്പിക്കപ്പെട്ട മുട്ടകള്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കിയതായി മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. കേന്ദ്ര സഹായത്തിനായി കാത്തു നിൽക്കാതെ ആലപ്പുഴയിലും കോട്ടയത്തുമായി 4 കോടി രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു.

2 മാസത്തിന് മുകളില്‍ പ്രായമുള്ള കോഴി, താറാവ് എന്നിവയ്ക്ക് 200 രൂപയും ചെറിയ പക്ഷികള്‍ക്ക് 100 രൂപയുമാണ് നഷ്ടപരിഹാരം. മുട്ട ഒന്നിന് 5 രൂപയും തീറ്റ കിലോയ്ക്ക് 12 രൂപ നിരക്കിലും കർഷകർക്ക് നഷ്ടപരിഹാരം കൊടുക്കും. ആലപ്പുഴയില്‍ പത്തും കോട്ടയത്ത് ഏഴും പഞ്ചായത്തുകളിലും തിരുവനന്തപുരത്ത് അഴൂര്‍ പഞ്ചായത്തിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 74,297 പക്ഷികളും 1,000 കിലോ തീറ്റയുമാണ് ഇതുവരെ നശിപ്പിക്കപ്പെട്ടത്.

Related Articles

Latest Articles