Monday, October 5, 2026

മണിക്കൂറിൽ 8,600 ടിക്കറ്റുകൾ; ആദ്യ ഷോകൾക്ക് പിന്നാലെ ബുക്ക് മൈ ഷോയിൽ കുതിച്ച് ‘തുടക്കം’

വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ ‘തുടക്കം’ ആദ്യ ദിനം തന്നെ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്നു. ആദ്യ ഷോകൾക്ക് പിന്നാലെ ലഭിച്ച പോസിറ്റീവ് അഭിപ്രായങ്ങൾ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗിലും വലിയ മുന്നേറ്റമാണ് സൃഷ്ടിച്ചിരിക്കുന്നത്.

പ്രമുഖ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയിൽ മണിക്കൂറിൽ 8,600-ലധികം ടിക്കറ്റുകളാണ് ചിത്രത്തിനായി ബുക്ക് ചെയ്യപ്പെടുന്നത്. റിലീസിന് മുമ്പുതന്നെ മണിക്കൂർ ട്രെൻഡിംഗിൽ ഇടം നേടിയിരുന്ന ചിത്രം, ആദ്യ പ്രദർശനങ്ങൾക്ക് ശേഷം എത്തിയ അനുകൂല പ്രതികരണങ്ങളോടെ കൂടുതൽ വേഗത്തിൽ ബുക്കിംഗ് നേടുകയാണ്.

ട്രാക്കർമാരുടെ കണക്കുകൾ പ്രകാരം, കേരളത്തിൽ നിന്ന് അഡ്വാൻസ് ബുക്കിംഗിലൂടെ ചിത്രം 86 ലക്ഷം രൂപയാണ് സ്വന്തമാക്കിയത്. കർണാടകത്തിൽ നിന്ന് 8 ലക്ഷവും തമിഴ്നാട്ടിൽ നിന്ന് 3 ലക്ഷവും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 2.5 ലക്ഷവും ലഭിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ അഡ്വാൻസ് ബുക്കിംഗ് 99.5 ലക്ഷം രൂപയായി. വിദേശ വിപണികളിൽ നിന്ന് ഏകദേശം 40 ലക്ഷം രൂപ കൂടി നേടിയതോടെ ചിത്രത്തിന്റെ ആകെ അഡ്വാൻസ് ബുക്കിംഗ് 1.40 കോടി രൂപയിലെത്തി.

ഒരു പുതുമുഖ നായികയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ചിത്രത്തിന് ലഭിച്ച ഈ ബുക്കിംഗ് ശ്രദ്ധേയമാണെന്നാണ് ട്രേഡ് നിരീക്ഷകരുടെ വിലയിരുത്തൽ. ആദ്യ ദിനം തന്നെ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ വാരാന്ത്യത്തിലും ചിത്രത്തിന് മികച്ച കളക്ഷൻ നേടാനാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചിരിക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘എമ്പുരാൻ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ആശിഷിന്റെ ആദ്യ പ്രധാന വേഷങ്ങളിലൊന്നാണ് ഇത്.

ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.

Related Articles

Latest Articles