ചെന്നൈ: തമിഴ്നാട്ടിൽ പടക്ക കടയ്ക്ക് തീപിടിച്ചുണ്ടായ (Firecracker) പൊട്ടിത്തെറിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പടക്ക കടയിലുണ്ടായ തീപിടിത്തം സമീപത്തെ ബേക്കറിയിലേക്ക് പടരുകയും ഇവിടെയുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കുകയും ചെയ്തത് അപകടത്തിന്റെ കാഠിന്യം കൂട്ടുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. ജില്ലാ കളക്ടർ പി എൻ ശ്രീധർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി വളരെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ അണച്ചത്.
തമിഴ്നാട്ടിലെ കല്ലാക്കുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്കശാലയിലാണ് ഇന്നലെ തീപിടുത്തമുണ്ടായത്. സംഭവത്തിൽ അഞ്ചുപേർ മരിച്ചിരുന്നു. ഇന്ന് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ മരണസംഖ്യ ആറായി. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ സമീപമുള്ള പല കടകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ദീപാവലിയ്ക്കായി ഒരുക്കിവച്ചിരുന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്.

