കൊച്ചി: പിങ്ക് പോലീസ് കേസിൽ സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. സ്ഥലംമാറ്റം ശിക്ഷയല്ലെന്നും അച്ചടക്ക നടപടി വൈകുന്നതെന്ത് കൊണ്ടാണെന്നും കോടതി ചോദിച്ചു. കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് പെൺകുട്ടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. കേസ് ഇനി തിങ്കളാഴ്ചയായിരിക്കും പരിഗണിക്കുക. കുട്ടിക്ക് നഷ്ടപരിഹാരം കൊടുക്കുവാൻ ആവുമോ എന്നുള്ളത് അന്ന് സർക്കാർ അറിയിക്കണം.
ഉദ്യോഗസ്ഥയെ വൈറ്റ് വാഷ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. ഡിജിപി ഈ ഉദ്യോഗസ്ഥയെ ഇങ്ങനെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അത് അവർക്ക് ദോഷ്യം ചെയ്യുമെന്നാണ് കോടതി മുന്നറിയിപ്പ്. പൊലീസ് ഉദ്യോഗസ്ഥ ഭീഷണിപ്പെടുത്തുന്ന രീതിയിൽ പെരുമാറിയ ശേഷം കുട്ടി കരഞ്ഞില്ല എന്ന് സംസ്ഥാന ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നത് ആരെ സംരക്ഷിക്കാൻ ആണെന്നാണ് കോടതി ചോദിച്ചത്. ജനം കൂടിയപ്പോൾ ആണ് കുട്ടി കരഞ്ഞത് എന്ന് ഡിജിപി പറയുന്നത് തെറ്റാണെന്നും വീഡിയോ ദൃശ്യങ്ങളിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സർക്കാർ അഭിഭാഷകൻ എന്തിനാണ് വസ്തുതകൾ വളച്ചൊടിക്കാൻ ശ്രമിക്കുന്നതെന്ന് കോടതി ചോദിച്ചു.

