ഇസ്ലാമാബാദ്: താലിബാനെപ്പോലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ (Economic Crisis In Pakistan) നട്ടംതിരിയുകയാണ് പാകിസ്‌ഥാനും. കൊടുംപട്ടിണിയിലും ദാരിദ്ര്യത്തിലുമാണ് ജനങ്ങളും. ഇപ്പോഴിതാ നാണയപ്പെരുപ്പം വീർപ്പുമുട്ടിക്കുന്നതിനിടെ ജനങ്ങൾക്ക് ഇരുട്ടടിയായി പെട്രോളിയം വിലകുത്തനെകൂട്ടിയിരിക്കുകയാണ് പാകിസ്ഥാൻ. ഒരു ലിറ്റർ പെട്രോളിന് നാലുരൂപയാണ് വർദ്ധിച്ചത്. പുതുവർഷത്തിലെ ആദ്യ ദിനമായ ഇന്ന് മുതൽ വിലക്കയറ്റം പ്രാബല്യത്തിലാകും.
അതേസമയം അന്താരാഷ്‌ട്ര നാണയ നിധി(ഐഎംഎഫ്) യുമായി ഉണ്ടാക്കിയ ധാരണയനുസരിച്ചുളള കടുത്ത നടപടിയുടെ ഭാഗമാണ് മാസം തോറും പെട്രോളിന് നാല് രൂപ വീതം നികുതി വർദ്ധിപ്പിക്കുന്നതെന്നാണ് പാക് ധനമന്ത്രി ഷൗക്കത്ത് താരിൻ നവംബറിൽ പറഞ്ഞിരുന്നത്. ഇതിന്റെ തുടർച്ചെയെന്നോണം ഡീസലിന് 4.15 രൂപയും മണ്ണെണ്ണയ്‌ക്ക് 3.95രൂപയും കൂട്ടിയിരിക്കുകയാണ്. നിലവിൽ ഡോളറിനെതിരെ പിടിച്ചു നിൽക്കാനാകാതെ നട്ടം തിരിയുന്ന പാക് സമ്പദ് വ്യവസ്ഥയിൽ ജനങ്ങൾ ഇന്ധനമടിക്കാൻ കയ്യിലുള്ള എല്ലാം കൊടുക്കേണ്ട അവസ്ഥയാണ്.
ഒരു ലിറ്റർ പെട്രോളിന് 144.82ഉം ഡീസലിന് 111.06രൂപയും നൽകണം. എന്നാൽ വരുന്ന 15 ദിവസത്തേക്ക് മാത്രമാണ് വിലക്കയറ്റമെന്നാണ് ഭരണകൂടം പറയുന്നത്. ജനങ്ങളിൽ നിന്നും പൊതുഖജനാവിലേക്ക് പണമെത്തിക്കാനുള്ള തന്ത്രം എത്രനാൾ തുടരുമെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. പാകിസ്ഥാന്റെ ഓയിൽ ആന്റ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റിയാണ് വിലവർധന അനിവാര്യമാണെന്ന ശുപാർശ മുന്നോട്ടുവച്ചത്. പാക് പാർലമെന്റിലെ ഇടക്കാല ബജറ്റ് സമ്മേളനത്തിലാണ് ഇന്ധനവില വർദ്ധിപ്പിക്കാനുള്ള തീരുമാനം ഭരണകൂടം അറിയിച്ചത്. പ്രതിപക്ഷ പാർട്ടികളുടെ വലിയ പ്രതിഷേധത്തിനിടെയാണ് വീണ്ടും വില വർധിപ്പിച്ചിരിക്കുന്നത്.

