കറാച്ചി: അതിരുവിട്ട പുതുവത്സരാഘോഷത്തിൽ (New Year Celebration In Pakistan) പാകിസ്ഥാനിൽ പതിനൊന്നുകാരന് ദാരുണാന്ത്യം. ആഘോഷത്തിന്റെ ഭാഗമായി തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുന്നതിനിടയിലായിരുന്നു അപകടം. സംഭവത്തിൽ 17 പേർക്ക് പരിക്കേറ്റിട്ടുള്ളതായാണ് റിപ്പോർട്ട്.
കറാച്ചിയിലായിരുന്നു സംഭവം നടന്നത്. ആഘോഷത്തിന് തോക്ക് ഉപയോഗിച്ചുളള വെടിവെയ്പ് വിലക്കിയിട്ടുണ്ടെങ്കിലും ഇത് ഗൗനിക്കാതിരുന്നതാണ് അപകടം വരുത്തിവച്ചത്. ഖ്വാജ അഹമ്മദ് നഗറിലാണ് 11 വയസ്സുകാരൻ മരണപ്പെട്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.
അതേസമയം പരിക്കേറ്റവരിൽ ഒരു 10 വയസ്സുകാരിയുമുണ്ടെന്നും പോലീസ് അറിയിച്ചു. ആഘോഷിക്കാൻ നിരവധി പേർ വിവിധ സ്ഥലങ്ങളിൽ എകെ 47 അടക്കമുള്ള തോക്കുകളുമായി ഒത്തുകൂടിയിരുന്നു. ഹാരിസ് എന്ന വ്യക്തിയുടെ കയ്യിൽ നിന്നുള്ള വെടിയുണ്ടകളാണ് മറ്റുള്ളവർക്ക് കൊണ്ടത്. പാകിസ്ഥാനിൽ ഇത്തരം തോക്കുപയോഗിച്ചുള്ള ആഘോഷം സാധാരണമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. കഴിഞ്ഞ തവണത്തേക്കാൾ അപകടവും മരണവും ഇത്തവണ കൂടിയെന്നാണ് പോലീസിന്റെ റിപ്പോർട്ട്. കഴിഞ്ഞ തവണ വെടിയേറ്റ് നാലുപേർക്കാണ് പരിക്കേറ്റത്.

