Friday, December 26, 2025

മുംബൈ സ്‌ഫോടനക്കേസിൽ കഴിഞ്ഞ 29 വർഷമായി ഇന്ത്യ തിരയുന്ന ദാവൂദ് സംഘാംഗം അബൂബക്കർ യു എ ഇ യിൽ പിടിയിൽ; ഇന്ത്യക്ക് കൈമാറാനുള്ള നടപടികൾ ആരംഭിച്ചു

29 വർഷത്തെ തിരച്ചിലിനൊടുവിൽ 1993ലെ മുംബൈ സ്‌ഫോടന പരമ്പരയിലെ പ്രതിയും ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയുമായ അബൂബക്കറിനെ യു.എ.ഇയിൽ നിന്ന് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ പിടികൂടി. ഇന്ത്യ ഏറ്റവും കൂടുതൽ തിരയുന്ന ഭീകരരിൽ ഒരാളായ ബക്കറിനെ കൈമാറാനുള്ള നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. 1993 ലെ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളായ ബക്കർ യുഎഇയിലും പാക്കിസ്ഥാനിലുമായാണ് താമസം, 1997-ൽ ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 1993 മാർച്ച് 12 ന് മുംബൈയിൽ നടന്ന 12 ഭീകര സ്‌ഫോടന പരമ്പരകളിൽ 257 പേർ കൊല്ലപ്പെടുകയും 1,400 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കൂട്ട് പ്രതികളായ ടൈഗർ മേമന്റെയും യാക്കൂബ് മേമന്റെയും സഹായത്തോടെ ദാവൂദ് ഇബ്രാഹിമാണ് ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും ഏകോപിപ്പിക്കുകയും ചെയ്തത്.

2013 മാർച്ച് 21 ന്, സ്‌ഫോടനത്തിന് പണവും പരിശീലനവും നൽകിയതിനും വാഹനങ്ങൾ വാങ്ങിയതിനും ശിക്ഷിക്കപ്പെട്ട യാക്കൂബ് മേമന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് സുപ്രീം കോടതി വിധി പുറപ്പെടുവച്ചിരുന്നു. 2015 ജൂലൈ 30ന് മഹാരാഷ്ട്ര സർക്കാർ നാഗ്പൂർ സെൻട്രൽ ജയിലിൽ യാക്കൂബിൻറെ ശിക്ഷ നടപ്പിലാക്കി. പ്രധാന പ്രതികളായ ദാവൂദ് ഇബ്രാഹിമിനെയും ടൈഗർ മേമനെയും ഇതുവരെ പിടികൂടാനായിട്ടില്ല. ദാവൂദ് പാകിസ്ഥാനിലാണെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പറയുമ്പോഴും പാകിസ്ഥാൻ അത് നിരന്തരമായി നിഷേധിക്കുകയാണ്

Related Articles

Latest Articles